
തിയേറ്ററുകളിലെ സിനിമാ ടിക്കറ്റിലെ കൊള്ളനിരക്കിന് നിയന്ത്രണം ഏർപ്പെടുത്താൻ കർണാടക സർക്കാർ. ടിക്കറ്റ് നിരക്കിന് കർണാടകയിൽ പരിധി നിശ്ചയിക്കും. ടിക്കറ്റുകൾക്ക് പരമാവധി നിരക്ക് 200 രൂപയാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ഇതിനായി സിനിമ ടിക്കറ്റ് നിരക്ക് പരിധി നിശ്ചയിച്ചുള്ള കരട് വിജ്ഞാപനം പുറത്തിറക്കി. മൾട്ടിപ്ലക്സുകൾക്ക് അടക്കം ഈ പരിധി ബാധകമാക്കാനാണ് കർണാടക സർക്കാരിന്റെ തീരുമാനം.
സിനിമ റിലീസ് ചെയ്യുന്ന ദിവസങ്ങളിലെ ടിക്കറ്റ് നിരക്ക് കൂട്ടുന്ന പ്രവണതക്കും നിയന്ത്രണം കൊണ്ടുവരും. ഇനി മുതൽ വിനോദ നികുതി അടക്കം 200 രൂപയേ പരമാവധി ഒരു ടിക്കറ്റിന് ഈടാക്കാൻ പാടുള്ളു എന്ന തീരുമാനത്തിലാണ് കർണാടക സർക്കാർ. എല്ലാ ഭാഷയിലുള്ള ചിത്രങ്ങൾക്കും ഈ നിരക്ക് ബാധകമായിരിക്കും. ഇതിൽ സിനിമാ സംഘടനകൾക്ക് എതിർപ്പുണ്ടെങ്കിൽ 15 ദിവസത്തിനകം സർക്കാരിനെ അറിയിക്കണം. 15 ദിവസത്തിന് ശേഷം അന്തിമ വിജ്ഞാപനം പുറത്തിറക്കുമെന്നും സർക്കാർ വ്യക്തമാക്കി.