ബെംഗളൂരു: കർണാടകയിൽ ഗവർണർ തവർചന്ദ് ഗെഹലോട്ടും സിദ്ധരാമയ്യ സർക്കാരും തമ്മിലുള്ള പോര് കടുക്കുന്നു. നയപ്രഖ്യാപന പ്രസംഗം പൂർത്തിയാക്കാതെ സഭ വിട്ടിറങ്ങിയ ഗവർണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതുൾപ്പെടെയുള്ള കടുത്ത നീക്കങ്ങളിലേക്ക് സർക്കാർ കടക്കുകയാണ്. (Karnataka government to fight legal battle against Governor, May approach Supreme Court )
ഇന്നലെ വൈകിട്ട് ചേർന്ന പ്രത്യേക മന്ത്രിസഭായോഗം ഗവർണർക്കെതിരായ നിയമനടപടികൾ വിശദമായി ചർച്ച ചെയ്തു. മന്ത്രിസഭ അംഗീകരിച്ച് നൽകിയ നയപ്രഖ്യാപന പ്രസംഗം വായിക്കാൻ ഗവർണർ വിസമ്മതിച്ചത് ഭരണഘടനാ ലംഘനമാണെന്ന് സർക്കാർ വിലയിരുത്തുന്നു. ഇക്കാര്യത്തിൽ പരമോന്നത കോടതിയുടെ ഇടപെടൽ തേടാനാണ് തീരുമാനം.
ഗവർണർക്കെതിരെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയക്കാനുള്ള സാധ്യതയും മന്ത്രിസഭ ചർച്ച ചെയ്തു. സഭയിൽ ദേശീയ ഗാനം പൂർത്തിയാകുന്നതിന് മുൻപേ ഗവർണർ പുറത്തുപോയത് വലിയ രാഷ്ട്രീയ ആയുധമാക്കാനാണ് കോൺഗ്രസ് നീക്കം. ഇത് ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിക്ക് ചേരാത്ത നടപടിയാണെന്ന് സർക്കാർ കുറ്റപ്പെടുത്തി.