
ബംഗളൂരു: സംസ്ഥാനത്തെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് ശമ്പളത്തോടെ ആർത്തവ അവധി പ്രഖ്യാപിച്ച് കർണാടക. എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് എല്ലാ മാസവും ഒരു ദിവസത്തേക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. സ്ത്രീകളുടെ മൗലികാവകാശവും തൊഴിലിടത്തെ ക്ഷേമവും ഉറപ്പു വരുത്തുകയും സ്ത്രീകൾക്ക് ഭയമില്ലാതെ അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ആർത്തവ നയം രൂപീകരിച്ചതെന്ന് ഉത്തരവ് പുറത്തിറക്കിക്കൊണ്ട് സർക്കാർ വ്യക്തമാക്കി. അതേസമയം , വസ്ത്ര ശാലകൾ, ഐ.ടി, സർക്കാർ ഓഫീസുകൾ തുടങ്ങിയവയൊക്കെ നയത്തിലുൾപ്പെടുന്നു.കൂടുതൽ മാനുഷികവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാണ് ആർത്തവ നയമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധ രാമയ്യ പറഞ്ഞു.