

ബാംഗ്ലൂർ: കർണാടക പോലീസിനെയാകെ പ്രതിരോധത്തിലാക്കി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ അശ്ലീല ദൃശ്യങ്ങൾ പുറത്ത് (Karnataka DGP Scandal). സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ് വിഭാഗം ഡിജിപി ആർ. രാമചന്ദ്ര റാവു തന്റെ ഔദ്യോഗിക ക്യാബിനിലെത്തിയ യുവതികളോട് അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങളാണ് ഒളിക്യാമറയിലൂടെ പുറംലോകമറിഞ്ഞത്. ഓഫീസിലെത്തിയ ഒന്നിലധികം സ്ത്രീകളെ അദ്ദേഹം കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സോഷ്യൽ മീഡിയയിൽ ഈ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണം നൽകാനായി ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ വസതിയിലെത്തിയ ഡിജിപിയെ കാണാൻ മന്ത്രി തയ്യാറായില്ല. എന്നാൽ തനിക്കെതിരെ പുറത്തുവന്ന ദൃശ്യങ്ങൾ കെട്ടിച്ചമച്ചതാണെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമാണ് രാമചന്ദ്ര റാവുവിന്റെ നിലപാട്. ഏകദേശം ഒരു വർഷം മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നാണ് സൂചന. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ രാമചന്ദ്ര റാവു ഇതിനു മുൻപും വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വളർത്തുമകൾ രന്യ റാവു 2025-ൽ സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായിരുന്നു. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ മറികടക്കാൻ മകളെ സഹായിച്ചു എന്ന ആരോപണത്തെത്തുടർന്ന് റാവുവിനോട് സർക്കാർ നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരുന്നു. അവധി കഴിഞ്ഞ് സർവീസിൽ തിരിച്ചെത്തി മാസങ്ങൾക്കുള്ളിലാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. ഈ വർഷം മെയ് മാസത്തിൽ വിരമിക്കാനിരിക്കെയാണ് ഈ അശ്ലീല വിഡിയോ പുറത്തുവന്നത് എന്നത് അദ്ദേഹത്തിന്റെ കരിയറിന് വലിയ തിരിച്ചടിയായി.
A major controversy has erupted in Karnataka after leaked sting operation footage showed DGP R. Ramachandra Rao behaving inappropriately with women in his official chamber. While the 1993-batch IPS officer claims the video is fabricated, Chief Minister Siddaramaiah has ordered a high-level investigation into the incident. Rao, who was previously linked to a gold smuggling controversy involving his daughter, is scheduled to retire this May, but this latest scandal has caused significant embarrassment to the state police force.