ആത്മാഭിമാനത്തിന്റെ പോരാട്ടം, വീരതയുടെ വിജയം; കാര്‍ഗില്‍ യുദ്ധസ്മരണകള്‍ക്ക് ഇന്ന് 26 വയസ്സ് |Kargil Vijay Diwas

Kargil Vijay Diwas
Published on

നിയന്ത്രണ രേഖ ലംഘിച്ച് രാജ്യത്തേക്ക് നുഴഞ്ഞു കയറിയ പാക് സൈന്യത്തെ മുട്ടുകുത്തിച്ച, കാര്‍ഗില്‍ യുദ്ധസ്മരണകള്‍ക്ക് ഇന്ന് 26 വയസ്. 1999 ജൂലൈ, അന്ന് കാർഗിലിലെ ടൈഗർ ഹില്ലിനുമുകളിൽ പാറിപ്പറന്ന ദേശീയപതാക വെറും വിജയചിഹ്നം മാത്രമല്ലായിരുന്നു; രാജ്യത്തിന്റെ സുരക്ഷയുടെയോ ആത്മാഭിമാനത്തിനോ വിലയിടാൻ ഒരു ബാഹ്യശക്തികളെയും അനുവദിക്കില്ല എന്ന ശക്തമായ മുന്നറിയിപ്പായിരുന്നു അത്. (Kargil Vijay Diwas)

എന്താണയിരുന്നു കാർഗിലെ പോരാട്ടം

കശ്മീരിലെ കാർഗിൽ പ്രദേശത്ത് 1999 മെയ് മുതൽ ജൂലൈ വരെ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന സായുധപോരാട്ടത്തെയാണ് കാർഗിൽ യുദ്ധം അഥവാ കാർഗിൽ പോരാട്ടം. കാശ്മീരിൽ ഇന്ത്യയും പാകിസ്താനും തത്ത്വത്തിൽ അംഗീകരിച്ചിരിക്കുന്ന അതിർത്തി രേഖയായ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്ഥാൻ പട്ടാളവും കാശ്മീർ തീവ്രവാ‍ദികളും നുഴഞ്ഞു കയറിയതാണ് ഈ യുദ്ധത്തിനു കാരണമായത്. പാകിസ്താൻ ആദ്യം യുദ്ധം കശ്മീർ കലാപകാരികളുടെ സൃഷ്ടിയാണെന്നു പറഞ്ഞിരുന്നെങ്കിലും ജീവഹാനിയും അപകടങ്ങളും സംഭവിച്ചവരുടെ പട്ടികയും പാകിസ്ഥാൻ പ്രധാനമന്ത്രിയുടേയും പട്ടാള മേധാവിയുടേയും പിന്നീടുള്ള പ്രസ്താവനകൾ പാകിസ്താന്റെ അർദ്ധസൈനിക വിഭാഗങ്ങളുടെ യുദ്ധത്തിലെ പങ്ക് വെളിവാക്കി. ഇന്ത്യൻ വായുസേനയുടെ പിൻബലത്തോടെ ഇന്ത്യൻ കരസേന നടത്തിയ ആക്രമണങ്ങളും അന്താരാഷ്ട്രകേന്ദ്രങ്ങളുടെ സമ്മർദ്ദവും നിയന്ത്രണ രേഖയ്ക്ക് പിന്നിലേക്ക് പിന്മാറാൻ പാകിസ്ഥാനെ നിർബന്ധിതമാക്കി.

സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയർന്ന മേഖലയിലാണ് ഈ യുദ്ധം അരങ്ങേറിയത്. ഉയർന്ന മലനിരകൾ പോരാട്ടത്തിന് പ്രതികൂലമായിരുന്നു. ഇരു രാജ്യങ്ങളും ആണവായുധങ്ങൾ വികസിപ്പിച്ച ശേഷമുണ്ടായ ആദ്യ യുദ്ധമായിരുന്നു കാർഗിലിൽ അരങ്ങേറിയത്. ‌രണ്ടു രാജ്യങ്ങളിലും കടുത്ത സമ്മർദ്ദം സൃഷ്ടിച്ച ഈ യുദ്ധത്തിന്റെ ഫലമായി ഇന്ത്യ യുദ്ധോപകരണങ്ങൾക്കായി ഏറെ പണം ചിലവിടാൻ തുടങ്ങി, പാകിസ്ഥാനിലാകട്ടെ യുദ്ധം സർക്കാരിന്റേയും സാമ്പത്തികാവസ്ഥയുടേയും സ്ഥിരതയെ തന്നെ ബാധിച്ചു. യുദ്ധത്തെ തുടർന്ന്, 1999 ഒക്ടോബർ 12-നു പാകിസ്ഥാൻ പട്ടാളമേധാവി പർവേസ് മുഷാറഫ് പട്ടാള വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്തു.

പോരാട്ടത്തിലെ പ്രധാന ഘട്ടങ്ങൾ

പ്രധാനമായും മൂന്നു ഘട്ടങ്ങളായിരുന്നു കാർഗിൽ യുദ്ധത്തിനുണ്ടായിരുന്നത്. ആദ്യം  പാക്കിസ്ഥാന്‍ ഇന്ത്യൻ പ്രദേശത്തെ സുപ്രധാനമായ ഉന്നത താവളങ്ങൾ രഹസ്യമായി പിടിച്ചെടുത്തു. ഇന്ത്യ തന്ത്രപ്രധാനമായ പാതകൾ പിടിച്ചെടുക്കുകയാണ് ആദ്യം ചെയ്തത്, പിന്നീട് ഇന്ത്യൻ സൈന്യം  പാക്കിസ്ഥാന്‍ പിന്തുണയുള്ള പോരാളികളെ സാവധാനം നിയന്ത്രണരേഖക്ക് പിന്നിലേക്ക് തുരത്തി. അതികഠിനമായ ശൈത്യം മൂലം ഇരു രാജ്യങ്ങളും കാശ്മീരിലെ തങ്ങളുടെ ഏറ്റവും മുന്നിലെ കാവൽതുറകൾ ശൈത്യകാലത്ത് ഉപേക്ഷിക്കുകയും പിന്നീട് വസന്തകാലത്തോടെ അവയിൽ തിരിച്ചെത്തുകയും പതിവായിരുന്നു. ശ്വാസകോശത്തിൽ നീർക്കെട്ടുണ്ടാവുന്നതും ഭക്ഷണസാധനങ്ങൾ എത്തിക്കാനുള്ള ബുദ്ധിമുട്ടും മറ്റും മൂലം അതിശൈത്യത്തിൽ അധിവാസം വളരെയധികം ദുഷ്കരമാകുന്നതാണ് ഇതിന് കാരണം. എന്നാൽ തണുപ്പ് കുറയുന്നതോടെ ഇരു രാജ്യങ്ങളും തിരികെയെത്തുകയും ചെയ്യും.

എന്നാൽ 1999-ൽ  പാക്കിസ്ഥാന്‍ നിശ്ചയിക്കപ്പെട്ട സമയത്തിന് മുമ്പേ ഈ താവളങ്ങളിൽ എത്തുകയും ഏതാണ്ട് 1999 മെയ് തുടക്കത്തോടെ 130-ഓളം വരും കാർഗിൽ കാവൽത്തുറകൾ പിടിച്ചെടുക്കാനും അങ്ങനെ പ്രദേശത്തിന്റെ നിയന്ത്രണം കൈയ്യടക്കാനും തീരുമാനിച്ചു. സ്പെഷ്യൽ സെർവീസ് ഗ്രൂപ്പിന്റെ ട്രൂപ്പുകളും നോർത്തേൺ ലൈറ്റ് ഇൻഫൻ‌റ്റ്റിയുടെ (അക്കാലത്ത് നോർത്തേൺ ലൈറ്റ് ഇൻഫൻ‌റ്റ്റി അർദ്ധസൈനിക വിഭാഗമായിരുന്നു) ബറ്റാലിയനുകളും കാശ്മീരി ഒളിപ്പോരാളികളുടേയും അഫ്ഗാൻ കൂലിപ്പടയാളികളുടേയും പിന്തുണയോടെ പൂർണ്ണമായും ശൈത്യത്താൽ ഒഴിവാക്കിയിരുന്ന, ഇന്ത്യൻ പ്രദേശത്തിനു മേൽക്കൈ നൽകിയിരുന്ന പട്ടാളത്തുറകൾ രഹസ്യമായി പിടിച്ചെടുക്കുകയും അവർ അവരുടേതായ യുദ്ധസജ്ജീകരണങ്ങൾ ചെയ്ത് താവളമാക്കി മാറ്റുകയും ചെയ്തു. നിയന്ത്രണരേഖക്ക് ദൂരെ നിന്ന് ചെറിയ പീരങ്കികളാൽ അങ്ങോട്ടുമിങ്ങോട്ടും വെടിവക്കുക പതിവാണ്. ഈ സമയത്ത് പാകിസ്താൻ നിയന്ത്രിത കശ്മീരിലെ പട്ടാളക്കാർ സാമാന്യം കനത്ത് തോതിൽ പീരങ്കി വെടിയുതിർക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇത് ഇന്ത്യക്കാർക്ക് നുഴഞ്ഞു കയറ്റത്തെക്കുറിച്ച് അറിയാതിരിക്കാനുള്ള ഒരു പുകമറ സൃഷ്ടിക്കാനായിരുന്നു.

പ്രതീക്ഷിച്ചപോലെ തന്നെ ഇന്ത്യൻ സൈനികർ ഈ നുഴഞ്ഞുകയറ്റം അറിഞ്ഞതേയില്ല. പക്ഷേ മെയ് രണ്ടാമത്തെ ആഴ്ചയിൽ അവിടത്തെ നാട്ടുകാരനായ ഒരു ആട്ടിടയൻ നൽകിയ വിവരമനുസരിച്ച് റോന്തുചുറ്റാനിറങ്ങിയ ഒരു ഇന്ത്യൻ സംഘത്തിനു നേരേ ഒളിപ്പോർ ആക്രമണമുണ്ടായത് നുഴഞ്ഞുകയറ്റത്തെ കുറിച്ചുള്ള വിവരം വെളിവാക്കി. ആദ്യം പോയ പട്രോൾ സംഘത്തെ അവർ ഒന്നൊഴിയാതെ നശിച്ചിപ്പിച്ചു കളഞ്ഞിരുന്നു. രണ്ടാമത്തെ പട്രോൾ സംഘത്തിലെ ഓഫീസറുടെ മനോധൈര്യം മൂലമാണ് അവർക്ക് തിരിച്ചു വന്ന് കാര്യങ്ങൾ വ്യക്തമാക്കാനായത്. എന്നാൽ അവരുടെ വിവരണത്തിൽ നിന്ന് മറ്റുഭാഗങ്ങളിലെ അധിനിവേശത്തെക്കുറിച്ച് അപ്പോഴും വിവരം ലഭിച്ചിരുന്നില്ല. ഇന്ത്യൻ സംഘങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ സ്വന്തം പ്രദേശം തിരിച്ചുപിടിക്കാമെന്ന് ആദ്യനാളുകളിൽ വീരവാദം മുഴക്കിയിരുന്നു എന്നാൽ നുഴഞ്ഞുകയറ്റം നിയന്ത്രണരേഖയിലുടനീളമുണ്ടെന്ന വിവരങ്ങൾ ആക്രമണം വളരെ വലിയതോതിലാണെന്നു വെളിവാക്കി.

ഇന്ത്യൻ ഭരണകൂടം 200,000 സേനാംഗങ്ങൾ ഉൾപ്പെട്ട ഓപറേഷൻ 'വിജയ്' (Operation Vijay) എന്ന പദ്ധതിയിലൂടെയാണ് തിരിച്ചടിച്ചത്. എങ്കിലും ഭൂപ്രകൃതിയുടെ പ്രത്യേകത നിമിത്തം ഡിവിഷനുകളോ കോറുകളോ ആയുള്ള ആക്രമണം സാധ്യമല്ലായിരുന്നു, മിക്ക ആക്രമണങ്ങളും റെജിമെന്റ് തലത്തിലോ ബറ്റാലിയൻ തലത്തിലോ ആയിരുന്നു കൈക്കൊണ്ടിരുന്നത്. ഇന്ത്യൻ കരസേനയുടെ രണ്ട് ഡിവിഷനുകളും (20,000 സൈനികർ‌) ആയിരക്കണക്കിനു ഇന്ത്യൻ അർദ്ധസൈനികരും ഇന്ത്യൻ വായുസേനയും പ്രശ്നബാധിത പ്രദേശത്ത് വിന്യസിക്കപ്പെട്ടു. കാർഗിൽ-ദ്രാസ്] പ്രദേശത്ത് സായുധപോരാട്ടത്തിൽ ഏർപ്പെട്ട ആകെ ഇന്ത്യൻ സൈനികരുടെ എണ്ണം 30,000 അടുത്തായിരുന്നു. നുഴഞ്ഞുകയറ്റക്കാരും അവരെ സഹായിക്കുന്നവരും പാക് അധീന കാശ്മീരിൽ നിന്നും പീരങ്കിആക്രമണം നടത്തുന്നവരുമായ പാക് അനുകൂലികളുടെ ആകെ എണ്ണം 5,000 വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

1999 മെയ് 8 ന് ആരംഭിച്ച യുദ്ധം ജൂലൈ 14 ന് വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രി എബി വാജ്പേയി പ്രഖ്യാപിച്ചിരുന്നു. തടുർന്ന് ജൂലൈ 26 ന് യുദ്ധം അവസാനിച്ചതായി അദ്ദേഹം ഔദ്യോഗിക പ്രഖ്യാപിക്കുന്നു. ശത്രുവിനെ തുരത്തി ഇന്ത്യ കാർഗിലിൽ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി രാജ്യത്തെ രക്ഷിച്ചപ്പോൾ നഷ്ടമായത് 527 ധീര ജവാന്മാരുടെ ജീവനായിരുന്നു. കാര്‍ഗിലില്‍ ഇന്ത്യ കുറിച്ചത് വെറുമൊരു യുദ്ധ വിജയമല്ല, ആത്മാഭിമാനത്തിന്റെ വിജയമായിരുന്നു അത്.

Related Stories

No stories found.
Times Kerala
timeskerala.com