

ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് അഭിനയിക്കുന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം ‘കാന്താര ചാപ്റ്റർ 1’ ഇംഗ്ലീഷ് ഭാഷയിലേക്ക് മൊഴിമാറ്റി ആഗോള റിലീസിനൊരുങ്ങുന്നു. നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് അറിയിച്ചതനുസരിച്ച്, ചിത്രത്തിൻ്റെ ഇംഗ്ലീഷ് പതിപ്പ് ഒക്ടോബർ 31-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. കന്നഡയിൽ തുടങ്ങി, ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിൽ ഒക്ടോബർ 2-ന് റിലീസ് ചെയ്ത ‘കാന്താര ചാപ്റ്റർ 1’ 20 ദിവസം കൊണ്ട് ലോകമെമ്പാടും 850 കോടി രൂപയിലധികം കളക്ഷൻ നേടി ചരിത്രം കുറിച്ചിരിക്കുകയാണ്.
ഇന്ത്യൻ സിനിമയിൽ നിന്ന് ഇതാദ്യമായാണ് ഒരു ചിത്രം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി റിലീസ് ചെയ്യുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകരിലേക്ക് എത്തുകയാണ് നിർമ്മാതാക്കളുടെ ലക്ഷ്യം. നിലവിൽ തിയേറ്ററിൽ പ്രദർശിപ്പിക്കുന്ന പതിപ്പിന് 2 മണിക്കൂറും 49 മിനിറ്റും ദൈർഘ്യമുണ്ട്. എന്നാൽ ഇംഗ്ലീഷ് പതിപ്പിന് 2 മണിക്കൂറും 14 മിനിറ്റും മാത്രമായിരിക്കും ദൈർഘ്യം.
ഇതിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഹോംബാലെ ഫിലിംസ് കുറിച്ചത് ഇങ്ങനെ, “അതിരുകൾക്കും ഭാഷകൾക്കും അതീതമായി പ്രതിധ്വനിക്കുന്ന ഒരു ദൈവിക ഗാഥ! ‘കാന്താര ചാപ്റ്റർ 1’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു."
2022-ൽ പുറത്തിറങ്ങി ലോകമെമ്പാടും 400 കോടിയിലധികം രൂപ നേടിയ ‘കാന്താര’യുടെ പ്രീക്വൽ ആണ് ‘കാന്താര ചാപ്റ്റർ 1’. ഋഷഭ് ഷെട്ടിയെ കൂടാതെ രുക്മിണി വസന്ത്, ജയറാം, ഗുൽഷൻ ദേവയ്യ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. സംഗീതം: അജനീഷ് ലോക്നാഥ്, ഛായാഗ്രഹണം: അരവിന്ദ് കശ്യപ്.