കാൺപൂർ: ഭർത്താവിന്റെ ചികിത്സയ്ക്കായി വൃക്ക ദാനം ചെയ്യാനോ അല്ലെങ്കിൽ 30 ലക്ഷം രൂപ സ്ത്രീധനമായി നൽകാനോ ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചതായി പരാതി (Kanpur Dowry Harassment Case). ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിനിയായ യുവതിയാണ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ പോലീസിനെ സമീപിച്ചത്. വഞ്ചന, സ്ത്രീധന പീഡനം, ക്രൂരത എന്നീ വകുപ്പുകൾ ചുമത്തി ലഖ്‌നൗ സ്വദേശിയായ ഭർത്താവ് നിശാന്ത് കുമാറിനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു.
2023 ജൂൺ 22-നായിരുന്നു നിശാന്ത് കുമാറും യുവതിയും തമ്മിലുള്ള വിവാഹം. വിവാഹസമയത്ത് എട്ട് ലക്ഷം രൂപയും സ്വർണ്ണാഭരണങ്ങളും മഹീന്ദ്ര ഥാർ എസ്‌യുവി ഉൾപ്പെടെയുള്ളവയും സ്ത്രീധനമായി നൽകിയിരുന്നു. എന്നാൽ വിവാഹശേഷം ഭർത്താവിന്റെയും കുടുംബത്തിന്റെയും ഭാഗത്തുനിന്ന് ഉണ്ടായത് അസ്വാഭാവികമായ പെരുമാറ്റമാണെന്ന് യുവതി പറയുന്നു.
ഭർത്താവ് ലഹരി ഉപയോഗം മൂലം ഗുരുതരമായ വൃക്കരോഗത്തിന് ചികിത്സയിലാണെന്ന വിവരം മറച്ചുവെച്ചാണ് വിവാഹം നടത്തിയത്. 2022 മുതൽ ഇയാൾ ഡയാലിസിസിന് വിധേയനാണെന്ന് പിന്നീട് വീട്ടിൽ നിന്ന് ലഭിച്ച മെഡിക്കൽ രേഖകളിൽ നിന്ന് യുവതി കണ്ടെത്തി. രോഗവിവരം പുറത്തായതോടെ, ഭർത്താവിന് വൃക്ക ദാനം ചെയ്യണമെന്നോ അല്ലെങ്കിൽ ചികിത്സാ ചെലവിനായി 30 ലക്ഷം രൂപ വീട്ടിൽ നിന്ന് വാങ്ങി നൽകണമെന്നോ ആവശ്യപ്പെട്ട് പീഡനം ആരംഭിച്ചു.
ഭർത്താവ് തന്നിൽ നിന്ന് അകന്നു നിൽക്കുകയും ശാരീരിക ബന്ധത്തിന് താല്പര്യം കാണിക്കാതിരിക്കുകയും ചെയ്തു. ഭർത്താവിന് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്നും യുവതി ആരോപിക്കുന്നു. കൂടാതെ, ഭർതൃമാതാവ് തങ്ങൾക്കിടയിൽ ഉറങ്ങുന്നത് പതിവാണെന്നും ഭർതൃപിതാവ് അനുവാദമില്ലാതെ മുറിയിൽ കയറി ചിത്രങ്ങൾ എടുക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു.
ഭർതൃഗൃഹത്തിലെ പീഡനം സഹിക്കവയ്യാതെ 2024 ഒക്ടോബർ 11-ന് യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി. യുവതിയുടെ സ്വർണ്ണാഭരണങ്ങൾ ഭർതൃവീട്ടുകാർ തടഞ്ഞുവെച്ചിരിക്കുകയാണ്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാൺപൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതികളെ ഉടൻ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
Story Summary:
A woman in Kanpur, Uttar Pradesh, has filed a police complaint against her husband and in-laws, alleging that she was pressured to either donate her kidney to her ailing husband or pay ₹30 lakh as additional dowry. Married in June 2023 to Nishant Kumar, she later discovered through medical records that he had been on dialysis since 2022 due to drug-induced kidney failure. The victim also alleged harassment, privacy violations by her father-in-law, and betrayal regarding her husband’s extramarital affairs. Police have registered a case for fraud and dowry harassment.

