കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ആഡംബര കാറായ ലംബോർഗിനി ഇടിച്ച് ആറുപേർക്ക് പരിക്കേറ്റ സംഭവത്തിൽ പ്രമുഖ പുകയില വ്യവസായി കെ.കെ. മിശ്രയുടെ മകൻ ശിവം മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തു (Kanpur Lamborghini Crash). അപകടം നടന്ന് നാല് ദിവസത്തിന് ശേഷമാണ് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശിവത്തെ കാൺപൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാവിലെയാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്.
കഴിഞ്ഞ ഞായറാഴ്ച കാൺപൂരിലെ വിഐപി റോഡിലായിരുന്നു അപകടം നടന്നത്. ഏകദേശം 10 കോടി രൂപ വിലമതിക്കുന്ന ലംബോർഗിനി റെവുവെൽറ്റോ അമിതവേഗതയിൽ വന്ന് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച ശേഷം വൈദ്യുത പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു. അപകടത്തിൽ ഒരു ബൈക്ക് യാത്രക്കാരൻ പത്തടി ദൂരേക്ക് തെറിച്ചു വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ശിവത്തിന് അപസ്മാരം ബാധിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ വാദം. എന്നാൽ, ശിവം മദ്യപിച്ചിരുന്നതായും അമിതവേഗതയിലാണ് കാർ ഓടിച്ചിരുന്നതെന്നും ദൃക്സാക്ഷികൾ ആരോപിക്കുന്നു.
താനല്ല, കുടുംബത്തിലെ ഡ്രൈവറായ മോഹനാണ് കാർ ഓടിച്ചിരുന്നതെന്ന് ശിവത്തിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചിരുന്നു. മോഹൻ കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങാൻ എത്തിയിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ശിവം തന്നെയാണ് കാർ ഓടിച്ചതെന്ന് ഉറപ്പിച്ചു. ഇതോടെ കോടതി ഡ്രൈവറുടെ അപേക്ഷ തള്ളുകയായിരുന്നു. ശിവത്തിനെതിരെ അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചതിനും പൊതുജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തിയതിനും കേസെടുത്തിട്ടുണ്ട്.
Summary: Shivam Mishra, the son of a prominent tobacco tycoon, has been arrested four days after his speeding Lamborghini crashed into pedestrians and vehicles in Kanpur, injuring six people.



