
ന്യൂഡൽഹി: കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ പി വി അൻവർ നടത്തിയ പ്രസ്താവനകളിൽ പ്രതികരിച്ച് സി പി എം നേതാവ് എ വിജയരാഘവൻ രംഗത്തെത്തി. ഇത് മാധ്യമങ്ങളിലെ തലക്കെട്ടുകൾക്ക് വേണ്ടി മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്.(Kannur ADM's death case )
അൻവർ ഇപ്പോൾ പ്രയാസത്തിലാണെന്നും, മാധ്യമങ്ങളിൽ തലക്കെട്ടുകൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും വിമർശിച്ച അദ്ദേഹം, നവീൻ ബാബുവിൻ്റെ മരണം നടന്ന് മാസങ്ങൾക്ക് ശേഷം വെളിപാട് പോലെ എന്തൊക്കെയോ പറയുകയാണെന്നും കുറ്റപ്പെടുത്തി. അതിൽ ആത്മാർത്ഥതയില്ലെന്നാണ് എ വിജയരാഘവൻ വ്യക്തമാക്കിയത്.
ഇതിൽ പിന്നിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി ശശിയാണ് എന്നല്ലേ പറഞ്ഞുള്ളൂ, മുഖ്യമന്ത്രി ആണെന്ന് പറഞ്ഞില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പരിഹാസം.
ഇപ്പോൾ അൻവർ നടത്തുന്നത് പല വാതിലുകളിൽ മുട്ടിയിട്ടും തുറക്കാത്തതിനാൽ, താൻ ഇവിടെയുണ്ടെന്ന് കാണിക്കാനുള്ള ശ്രമമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രിയാണ് ഡി എം കെ പ്രവേശനം അട്ടിമറിച്ചത് എന്നുള്ള ആരോപണത്തിൽ അൻവറിന് അദ്ദേഹത്തിൻ്റെ നിലപാട് അറിയിക്കാമെന്നും, തങ്ങൾക്ക് പറയാൻ ഉള്ളത് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും എ വിജയരാഘവൻ പ്രതികരിച്ചു.