ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തും, ഇരകളുടെ കരച്ചിൽ കേൾക്കുമ്പോൾ ' ഒരു രസം'; എഴുപതോളം മനുഷ്യരെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ കണ്‍പതിമാര്‍ ശങ്കരീയയുടെ കഥ| Kampatimar Shankariya

Kampatimar Shankariya
Published on

1973, സെപ്റ്റംബർ. രാജസ്ഥാനിലെ സാദുൽ ഷഹർ പട്ടണം. അത് നല്ല തണുപ്പുള്ള പ്രഭാതമായിരുന്നു. പതിവ് പോലെ ഗുരുദ്വാറിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു ശ്യാം സിംഗ്. പ്രഭാത കൃത്യങ്ങളൊക്കെ കഴിഞ്ഞ് ശ്യാം സിംഗ് വീട് വിട്ടിറങ്ങുന്നു. ശ്യാം സിംഗിന്റെ വീട്ടിൽ നിന്നും കുറച്ചു ദൂരം നടക്കണം ഗുരുദ്വാറിൽ എത്തുവാൻ. സമയം ഏഴുമണിയോടെ അടുത്ത് കാണും, സാധാരണ ദിവസങ്ങളിൽ ഈ സമയത് ഗുരുദ്വാറിൽ ആരെങ്കിലും ഉണ്ടാകുന്നത് ആണ്. എന്നാൽ അന്ന് ആരെയും തന്നെ കണ്ടില്ല. ഒരുപക്ഷെ അവരൊക്കെ പ്രാർത്ഥന മുറിയിലാകുമെന്ന് കരുതി ശ്യാം സിംഗ് ഗുരുദ്വാറിനുള്ളിൽ പ്രവേശിക്കുന്നു. എന്നാൽ പ്രാർത്ഥന മുറുക്കി മുന്നിൽ എത്തിയ ശ്യാം സിംഗ് അയാളുടെ മുന്നിലെ കാഴച കണ്ട് ഞെട്ടി. പ്രാർത്ഥന മുറിക്കുള്ളിൽ രക്തത്തിൽ കുളിച്ച് മൂന്ന് ശരീരങ്ങൾ. നിലത്ത് കിടക്കുന്ന രണ്ടു പേർക്ക് അനക്കമുള്ളതായി തോന്നി. ഉടനെ ശ്യാം സിംഗ് അവരുടെ അടുത്തേക്ക് എത്തി, അടുത്ത് എത്തിയപ്പോഴാണ് മനസിലാകുന്നത് മദാ സിംഗ്, കർതാർ സിംഗ്, വസീർ സിംഗ് എന്നിവരാണ് രക്തത്തിൽ കുളിച്ചുകിടക്കുന്നു മൂന്നുപേർ എന്ന്. മദാ സിംഗിനും വസീർ സിംഗിനും ജീവനയുണ്ടായിരുന്നു. ഇരുവരും ബോധരഹിതരാണ്. എന്നാൽ കർതാർ സിംഗ് മരിച്ചിരിക്കുന്നു. (Kampatimar Shankariya)

ശ്യാം സിംഗ് ഉടനെ തന്നെ ഗുരുദ്വാറിൽ നിന്നും പുറത്തു കടന്നു നാട്ടുകാരെ വിവരമറിയിക്കുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുന്നു. വിവരം അറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ പോലീസ് ഗുരുദ്വാറിൽ ഉടനീളം പരിശോധന നടത്തുന്നു. പുറത്തു നിന്ന് ആരോ ആക്രമിച്ച് ഉള്ളിൽ കടന്നതിന്റെ എല്ലാ ലക്ഷണങ്ങളും വ്യക്തം. ഗുരുദ്വാറിലെ പൂജാവസ്തുക്കൾ ഉൾപ്പെടെ പലതും ചിന്നിച്ചിതറി കിടക്കുന്നു. ഈ കൂട്ടത്തിനിടയിൽ നിന്നും രക്തം പുരണ്ട ഒരു മൺവെട്ടി പോലീസിന് ലഭിക്കുന്നു.

ആരോഗ്യ നില മെച്ചപ്പെട്ടപ്പോൾ പോലീസ് മദാ സിംഗിനെയും വസീർ സിംഗിനെയും ചോദ്യം ചെയുന്നു. തങ്ങളെ ആക്രമിച്ചത് ഒരൊറ്റ മനുഷ്യനാണ്, അയാളുടെ കൈയിൽ ചുറ്റിക ഉണ്ടായിരുന്നു. രാത്രിയിൽ ഗുരുദ്വാറിൽ ഉറങ്ങികിടക്കവെയാണ് തങ്ങളെ ആക്രമിച്ചത്. ആക്രമണം തടുക്കുവാൻ ശ്രമിച്ചപ്പോൾ അയാൾ ഞങ്ങളെ മൺവെട്ടി കൊണ്ട് അടിച്ചു വീഴ്ത്തി. ശേഷം ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. എന്നാൽ അക്രമിയുടെ മുഖം അവർക്ക് ഓർമ്മയില്ലായിരുന്നു. രാത്രിയിൽ നല്ല ഇരുട്ടായത് കൊണ്ട് അയാളുടെ മുഖം കാണുവാൻ സാധിച്ചില്ല. എന്നാൽ കൊലപാതകിയിലേക്ക് നയിക്കുന്ന യാതൊരു തെളിവുകളും സംഭവ സ്ഥലത്ത് നിന്നും പോലീസിന് ലഭിക്കുന്നില്ല. അങ്ങനെ അധികം വൈകാതെ ഗുരുദ്വാറിൽ അരങ്ങിയറിയ സംഭവവികാസങ്ങൾ പതിയെ മൂടപ്പെട്ടു. പക്ഷെ അന്ന് ആരും കരുതിയില്ല ഇത് ഒരു തുടക്കം മാത്രമാണ് എന്ന്.

1977 നും 1978 നുമിടയിൽ എഴുപതോളം മനുഷ്യർ ഗുരുദ്വാറിൽ നടന്ന കൊലപാതകത്തിന് സമാനമായ രീതിയിൽ രാജസ്ഥാനിലെ ജയ്‌പ്പൂരിൽ കൊല്ലപ്പെടുന്നു. ഇരകളുടെ കഴുത്തിലായി, ചെവിയുടെ അടുത്തായി ചുറ്റിക കൊണ്ട് അടിയ്ക്കുന്നു. കഴുത്തിന്റെ എല്ലു തകർന്നു നിമിഷനേരം കൊണ്ട് ഇരകൾക്ക് ജീവൻ നഷ്ട്ടമാകുന്നു. വെറും ഒരു വർഷ കാലയളവ് കൊണ്ട് സമാന രീതിയിൽ നിരവധി പേർ കൊല്ലപ്പെടുന്നു. കൊലപാതകം അരങ്ങേറുന്ന പോലീസ് സ്റ്റേഷൻ പരിധി ഓരോ തവണയും വെവേറെയായിരുന്നു അതുകൊണ്ടു തന്നെ കൊലപാതകങ്ങളിലെ സമാനതകൾ ആരും തന്നെ ശ്രദ്ധിച്ചിരുന്നില്ല. രണ്ടു മാസം കൊണ്ട് പത്ത് പേർ കൊല്ലപ്പെടുന്നു, ഓരോ മാസം കഴിയുംതോറും സമാന രീതിയിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടി കൊണ്ടേയിരുന്നു. എന്നാൽ പോലീസ് ഉദ്യോഗസ്ഥർ ഇത് അത്ര വലിയ കാര്യമാക്കിയില്ല. കാരണം കൊല്ലപ്പെട്ടവർ എല്ലാവരും സാധാരണ കർഷക കുടുംബത്തിൽ നിന്ന് ഉള്ളവരായിരുന്നു. എന്നാൽ, ഒരു ദിവസം ജയ്‌പൂരിലെ ഒരു പ്രദേശിക പത്രത്തിന്റെ ഒരു ഉള്ള് പേജിൽ നാട്ടിൽ അരങ്ങേറുന്ന സമാന രീതിയിലെ കൊലപാതകങ്ങളെ പറ്റി ഒരു വാർത്ത വരുന്നു. ഈ വാർത്ത ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെടുന്നു. ഈ കൊലപാതകങ്ങൾ വേണ്ടത്ര അന്വേഷിക്കാത്ത പോലീസിന്റെ അഭാഗത അദ്ദേഹത്തിന് ബോധ്യമാകുന്നു. അതോടെ ഈ കൊലപാതകങ്ങൾ അന്വേഷിക്കുവാൻ പുതിയൊരു അന്വേഷണ സംഘത്തിനെ തന്നെ ആ പോലിസുകാരൻ നിയമിക്കുന്നു.

നാളിതുവരെ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടവരുടെ കേസുകൾ പുനരന്വേഷിക്കുന്നു. മുപ്പതോളം സമാന രീതിയിലെ കൊലപാതകങ്ങൾ, എല്ലാം നടന്നിരിക്കുന്നത് രാത്രി കാലങ്ങളിൽ. അതോടെ രാത്രി ആളൊഴിഞ്ഞ പ്രേദേശങ്ങളിൽ പോലീസ് തിരച്ചിൽ ശക്തമാക്കി. എന്നാൽ പോലീസിനെ ഞെട്ടിച്ചു കൊണ്ട് വീണ്ടും കൊലപാതകങ്ങൾ തുടർ കഥയായി. 1978 ന്റെ അവസാനത്തോടെ ജയ്‌പൂരിലെ പല പോലീസ് സ്റ്റേഷനുകളിലായി പരാതിയുമായി ഏതാനം മനുഷ്യർ എത്തുന്നു. തങ്ങൾ രാത്രിയിൽ ആളൊഴിഞ്ഞ വഴികളിലൂടെ നടന്നു നീങ്ങുമ്പോൾ ഇരുട്ടിന്റെ മറവിൽ ഒളിച്ചിരുന്ന ഒരാൾ തങ്ങളെ കൊല്ലാൻ ശ്രമിച്ചു, ഇതായിരുന്നു അവരുടെ പരാതി. കമ്പിളിപുതപ്പ് കൊണ്ട് ശരീരമാകെ മൂടിയ മനുഷ്യൻ, കൈയിൽ ഒരു ചുറ്റികയുണ്ടായിരുന്നു. ഇതായിരുന്നു ആ മനുഷ്യർ പോലീസിന് നൽകിയ മൊഴി. തങ്ങളുടെ നേരെ അയാൾ പാഞ്ഞടുത്തതും ജീവനായി അവർ ഓടി രക്ഷപ്പെടുകയായിരുന്നു.

ഒന്നിന് പിറകെ മറ്റൊന്നായി കമ്പിളിപുതപ്പ് ധരിച്ച കൈയിൽ ചുറ്റിക എന്തിയ മനുഷ്യേനെ കണ്ടതായി നിരവധി പേർ പോലീസിൽ അറിയിക്കുവാൻ തുടങ്ങി. ജനങ്ങൾ അകെ ഭയഭീതരായി. രാത്രികാലങ്ങളിൽ ആരും തന്നെ വീടിന് പുറത്ത് പോകാതെയായി. പോലീസ് രാത്രികാലങ്ങളിലെ അന്വേഷണം ഊർജ്ജിതമാക്കി. ഇരുട്ടിൽ പതിയിരുന്നു അവർ കൊലയാളിക്കായി കാത്തിരുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 60 ഓട് അടുത്തിട്ടും പോലീസിന് നിരാശയോടെ ഒട്ടനവധി രാത്രികളിൽ മടങ്ങേണ്ടി വന്നു. എന്നാൽ, 1978 ലെ ഒരു രാത്രി അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പതിവ് പോലെ ഇരുട്ടിന്റെ മറവിൽ ഒളിച്ചിരിക്കുന്നു. സമയം രാത്രി ഏറെ വൈകിയിട്ട് ഉണ്ട്, ഇരുട്ടിന്റെ മറവിൽ നിന്നും ഒരു മനുഷ്യ രൂപം ഒരു വലിയ മരത്തിന്റെ അടുത്തേക്ക് നടന്നു നീങ്ങുന്നതായി പോലീസുകാരുടെ ശ്രദ്ധയിൽപ്പെട്ടു. മരത്തിന്റെ ചുവട്ടിൽ ആ മനുഷ്യൻ എന്തോന്ന് ഒളിപ്പിക്കുന്നതായി അവർ കണ്ടു. ശേഷം ഒരു കമ്പിളിപുതപ്പ് കൊണ്ട് ശരീരം അക്കെ മൂടുന്നു. തുടർന്ന് മരത്തിന്റെ ചുവട്ടിൽ പതുങ്ങിയിരിക്കുന്നു. ഏകദേശം അരമണിക്കൂറോളം അയാൾ അവിടെ തന്നെ പതുങ്ങിയിരുന്നു, ശേഷം പതിയെ ഇരുട്ടിലേക്ക് നടന്നു നീങ്ങി. പന്തികേട് തോന്നിയ പോലീസുകാർ അയാളെ വളഞ്ഞിട്ട് പിടികൂടി. ഒരു സംശയത്തിന്റെ പുറത്താണ് പോലീസുകാർ അയാളെ പിടികൂടിയത്. തങ്ങളോടൊപ്പം പോലീസ് സ്റ്റേഷൻ വരെ വരണം എന്നും, കുറച്ചു കാര്യങ്ങൾ ചോദിച്ച് അറിഞ്ഞ ശേഷം വിട്ടയക്കാം എന്നും അവർ പറയുന്നു.

ഒടുവിൽ ആ മനുഷ്യനെയും കൂട്ടി പോലീസുകാർ സ്റ്റേഷനിൽ എത്തുന്നു. സ്റ്റേഷനിൽ എത്തിയ ശേഷം അയാളെ കസേരയിൽ ഇരുത്തിയ ശേഷം ഒരു പോലീസ് ഉദ്യോഗസ്ഥൻ ചോദിച്ചു,

"നിന്റെ പേരെന്താ?"

"എന്റെ ശങ്കരീയ"

"നിന്റെ പ്രായം?"

" എനിക്ക് ഇരുപത്തിയഞ്ചു വയസ്സ് കഴിഞ്ഞു സർ"

"നിന്റെ വീട് ?"

മറുപടിയായി ജയ്‌പൂരിലെ ഒരിടം അവൻ പറയുന്നു.

" നീ എന്തിനാണ് രാത്രിയിൽ ഇങ്ങനെ കമ്പിളിയും പുതച്ചു നടക്കുന്നത്? രാത്രി കമ്പിളിയും പുതച്ച് അറുപതോളം മനുഷ്യരെ കൊന്ന കൊലയാളിയെ പറ്റി നീ കേട്ടിട്ടില്ലേ? "

" അറുപത് അല്ല സർ, ഞാൻ എഴുപതു പേരെയാണ് കൊന്നത്. നിങ്ങൾ അന്വേഷിക്കുന്ന കൊലയാളി ഞാൻ തന്നെയാണ്"

ശങ്കരീയ പറഞ്ഞത് കേട്ട പോലീസുകാർ ഒന്നു ഞെട്ടി. അവർ വീണ്ടും വീണ്ടും അവനോടു സത്യം പറയുവാൻ ആവശ്യപ്പെടുന്നു. എന്നാൽ ശങ്കരീയ തന്റെ വാക്കുകൾ അവർത്തിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ ശങ്കരീയ പറഞ്ഞതിന്റെ അടിസ്ഥനത്തിൽ പോലീസ് അന്വേഷണം നടത്തുന്നു. ശങ്കരീയ പറഞ്ഞത് സത്യമാണ് രാജസ്ഥാനെ നടുക്കിയ ആ സീരിയൽ കില്ലർ ശങ്കരീയ തന്നെ. എഴുപതോളം കൊലപാതകങ്ങൾ നടത്തിയതിൽ അൻപതോളം വരുന്ന കൊലകൾ നടത്തിയ ദിവസം വരെ ശങ്കരീയ പോലീസിനോട് കൃത്യമായി പറഞ്ഞു. ഒടുവിൽ ശങ്കരീയക്കെതിരെ കേസ് എടുക്കുന്നു. 63 കൊലപാതകങ്ങളുടെ ചാർജ് ഷീറ്റ് കോടതിയിൽ സമർപ്പിച്ചു.

കോടതിയിൽ വിചാരണ വേളയിൽ, നീ കൊലപ്പെടുത്തിയ മനുഷ്യരെ നിനക്ക് പരിചയമുണ്ടോ എന്ന ചോദ്യത്തിന് അവൻ ഇല്ല എന്ന മറുപടിയാണ് നൽകിയത്. എങ്കിൽ പിന്നെ ഇതിനാണ് എത്രയും അധികം മനുഷ്യരെ കൊലപ്പെടുത്തിയത് എന്ന ചോദ്യം ഉയർന്നപ്പോൾ അവൻ നൽകിയ മറുപടി ഇതായിരുന്നു,

" ഞാൻ എല്ലാ മൂന്ന് ദിവസം കൂടുതോറും വീട്ടിൽ നിന്നും പുറത്തു പോകാറുണ്ട്. ഇങ്ങനെ പോകുമ്പോൾ കൈയിൽ ചുറ്റിക കരുതും. രാത്രിയിൽ ഒറ്റയ്ക്ക് എന്റെ മുന്നിൽ വന്നുപ്പെടുന്നവരെ ചുറ്റിക കൊണ്ട് ഞാൻ അടിച്ചു കൊലപ്പെടുത്തും "

"അടിയേറ്റ് നിലവിളിക്കുന്നവരുടെ കരച്ചിൽ എനിക്ക് ഏറെ ഇഷ്ട്ടമാണ്"

ഒടുവിൽ ശങ്കരീയക്ക് കോടതി വധശിക്ഷ വിധിക്കുന്നു. 1979 ൽ ശങ്കരീയയെ തൂക്കിലേറ്റുന്നു.

" ഒരു കാരണവുമില്ലാതെ ഞാൻ കൊലപാതകങ്ങൾ ചെയ്തു; ആരും എന്നെപ്പോലെ ആകരുത്"

ഇതായിരുന്നു ശങ്കരീയയുടെ അവസാന വാക്കുകൾ. ചുറ്റിക കൊണ്ട് ഇരകളുടെ ചെവിക്ക് അടുത്ത് അടിച്ചുകൊലപ്പെടുത്തുന്നത് കൊണ്ട് കണ്‍പതിമാര്‍ അഥവാ ചെവിക്ക് താഴെ അടിക്കുന്നവൻ എന്ന വെളിപ്പെരും ശങ്കരീയ സ്വന്തമാക്കിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com