ചെന്നൈ: മക്കള്‍ നീതി മയ്യത്തിന്റെ യോഗത്തിനിടെ വേദിയില്‍ വാള്‍ സമ്മാനിക്കാനെത്തിയ പ്രവര്‍ത്തകനോട് ക്ഷുഭിതനായി പാര്‍ട്ടി മേധാവിയും, നടനുമായ കമല്‍ഹാസന്‍. ഏതാനും ദിവസം മുമ്പാണ് രാജ്യസഭയിലേക്ക് കമല്‍ തമിഴ്‌നാട്ടില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനുശേഷം ചെന്നൈയില്‍ സംഘടിപ്പിച്ച പാര്‍ട്ടിയോഗത്തിലാണ് സംഭവം നടന്നത്. വാളുമായി എത്തിയ ആളോട് കമല്‍ ദേഷ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന പൊലീസുകാരനും മറ്റ് പ്രവര്‍ത്തകരും ചേര്‍ന്നാണ് അദ്ദേഹത്തെ അനുനയിപ്പിച്ചത്.
പരിപാടിക്കിടെ നിരവധി പേര്‍ കമലിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ വേദിയിലെത്തി. ഇതിനിടെയാണ് ഒരാള്‍ വാളുമായി പോസ് ചെയ്യാൻ അദ്ദേഹത്തെ സമീപിച്ചത്. തുടക്കത്തില്‍ കമല്‍ഹാസന്‍ പുഞ്ചിരിച്ചുകൊണ്ട് വാളില്‍ പിടിച്ചു. എന്നാല്‍ വാളുമായെത്തിയ ആള്‍ കെട്ടഴിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രകോപിതനായ കമല്‍ അത് താഴെ വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലാണ്.
സംഭവത്തിൽ കമലിനെ അനുകൂലിച്ചും, പ്രതികൂലിച്ചും കമന്റുകള്‍ ഉയരുന്നുണ്ട്. രാജ്യസഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ചെന്നൈയിലെ ആൽവാർപേട്ടിലുള്ള പാർട്ടി ഓഫീസിൽ നടന്ന പരിപാടിയിലാണ് സംഭവം.
കമല്‍ഹാസന്‍ അടക്കം ആറു പേരാണ് തമിഴ്‌നാട്ടില്‍ നിന്നു രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. കമല്‍ഹാസനൊപ്പം ഡിഎംകെയില്‍ നിന്നു മൂന്നു പേരും, എഐഎഡിഎംകെയില്‍ നിന്നു രണ്ട് പേരുമാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഡിഎംകെയിലെ എസ്.ആര്‍. ശിവലിംഗം, സല്‍മ, പി. വില്‍സണ്‍ എന്നിവനരും, എഐഎഡിഎംകെയിലെ എം. ധനപാല്‍, ഐഎസ് ഇമ്പദുരൈ എന്നിവരുമാണ് കമല്‍ഹാസനൊപ്പം തിരഞ്ഞെടുക്കപ്പെട്ടത്. 2031 വരെ ഇവര്‍ രാജ്യസഭയില്‍ തുടരും.