
ന്യൂഡൽഹി: ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ തെന്നിന്ത്യൻ താരവും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമൽഹാസൻ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ‘കമൽ ഹാസൻ എനും നാൻ’ എന്ന വാചകത്തോടെ തമിഴിൽ ആയിരുന്നു സത്യപ്രതിജ്ഞ.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്താണ് ഡിഎംകെ കമലിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്. 2025 ജൂണിൽ ഒഴിവുവരുന്ന സീറ്റ് നൽകാമെന്നായിരുന്നു വാഗ്ദാനം. ജൂൺ 6ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, വി.സി.കെ. നേതാവ് തിരുമാവളവൻ, എംഡിഎംകെ നേതാവ് വൈകോ, തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ സെൽവ പെരുന്തഗൈ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കമൽ നാമനിർദേശ പത്രിക നൽകിയത്. എതിരില്ലാതെ കമൽ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കമലിന് പുറമെ മറ്റ് 5 പേർ കൂടി കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിൽ തനിക്ക് അഭിമാനമുണ്ടെന്ന് ഇന്ന് രാവിലെ കമൽഹാസൻ മാധ്യമങ്ങളോട് പറഞ്ഞു. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ തന്റെ കടമ നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.