

ചെന്നൈ: കുടുംബ തർക്കങ്ങൾ പരിഹരിക്കാനെന്ന വ്യാജേന മരുമകളെ നദീതീരത്ത് എത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ 55-കാരിയായ അമ്മായിയമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലക്കുറിച്ചി ജില്ലയിലെ ശങ്കരപുരത്തിന് സമീപമാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വിരിയൂർ സ്വദേശി ക്രിസ്റ്റോഫ്മറി (55) ആണ് അറസ്റ്റിലായത്. ഇവർക്ക് സഹായം നൽകിയ സുഹൃത്ത് എമിലിയെയും (52) പോലീസ് കസ്റ്റഡിയിലെടുത്തു.
കൊലപാതകം ആചാരങ്ങളുടെ മറവിൽ
കഴിഞ്ഞ ഡിസംബർ 29-നാണ് വിരിയൂർ സ്വദേശിനിയായ നന്ദിനി (29) കൊല്ലപ്പെട്ടത്. കുടുംബത്തിലെ പ്രശ്നങ്ങൾ മാറാൻ പ്രത്യേക പൂജകളും ആചാരങ്ങളും നടത്താമെന്ന് പറഞ്ഞ് ക്രിസ്റ്റോഫ്മറി നന്ദിനിയെ മണിമുത്താർ നദിയുടെ തീരത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ വെച്ച് സുഹൃത്തിന്റെ സഹായത്തോടെ നന്ദിനിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൊലപാതകത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ
നന്ദിനിയുടെ ആദ്യ ഭർത്താവ് രാജ ഏഴ് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മൂന്ന് വർഷം മുമ്പാണ് ക്രിസ്റ്റോഫ്മറിയുടെ മകനും ഫിസിയോതെറാപ്പിസ്റ്റുമായ മരിയ റൊസാരിയോ നന്ദിനിയെ വിവാഹം കഴിച്ചത്. ഈ വിവാഹത്തോട് ക്രിസ്റ്റോഫ്മറിക്ക് താല്പര്യമുണ്ടായിരുന്നില്ല. മകനെക്കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിക്കണമെങ്കിൽ നന്ദിനിയെ ഒഴിവാക്കണമെന്ന് ഇവർ ഉറപ്പിച്ചു. ഇതിനായി കഴിഞ്ഞ നാല് മാസമായി നന്ദിനിയോട് പിണക്കം മാറി അനുരഞ്ജനത്തിലാണെന്ന് ഇവർ അഭിനയിച്ചു. മരുമകളുടെ വിശ്വാസം നേടിയ ശേഷമാണ് ആൾക്കൂട്ടമില്ലാത്ത സ്ഥലത്തെത്തിച്ച് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ ക്രിസ്റ്റോഫ്മറി കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കുറ്റകൃത്യം നടന്ന ദിവസം, ചടങ്ങുകൾ നടത്താമെന്ന് പറഞ്ഞ് ഇരുവരും നന്ദിനിയെ നദിക്കടുത്തുള്ള ഒരു ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. എമിലി പ്രാർത്ഥനകൾ നടത്തുന്നതായി നടിച്ചപ്പോൾ, ക്രിസ്റ്റോബ്മറി നന്ദിനിയെ പിന്നിൽ നിന്ന് ആക്രമിച്ച് തലയറുത്ത് നദീതീരത്ത് തലയും ശരീരവും വെവ്വേറെ കുഴിച്ചിട്ടു, തുടർന്ന് ഒന്നും സംഭവിക്കാത്തതുപോലെ വീട്ടിലേക്ക് മടങ്ങി.
മരിയ റൊസാരിയോ പോലീസിൽ പരാതി നൽകിയതോടെയാണ് കുറ്റകൃത്യം പുറത്തുവന്നത്. ശങ്കരപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് രണ്ട് സ്ത്രീകളെയും അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.