

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന 'കാന്ത'യുടെ ട്രെയ്ലര്‍ പുറത്ത്. ചിത്രം നവംബര്‍ 14-ന് ആഗോള റിലീസായെത്തും. സെല്‍വമണി സെല്‍വരാജ് എഴുതി സംവിധാനംചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ്, റാണ ദഗ്ഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രം കേരളത്തില്‍ എത്തിക്കുന്നത് വേഫെറര്‍ ഫിലിംസ് തന്നെയാണ്. (Kaantha trailer)
ടി.കെ. മഹാദേവൻ എന്ന നടനെയായിരിക്കും ദുൽഖർ സൽമാൻ അവതരിപ്പിക്കുക. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് 'കാന്ത' കഥ പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗ്ഗുബാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റുനിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോള്‍, പോലീസ് ഓഫീസറായാണ് റാണ ദഗ്ഗുബാട്ടി അഭിനയിച്ചിരിക്കുന്നതെന്നും ട്രെയ്ലറില്‍ സൂചനനല്‍കുന്നു. കുമാരി എന്നാണ് ഭാഗ്യശ്രീ ബോര്‍സെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്.
ആദ്യാവസാനം പ്രേക്ഷകര്‍ക്ക് മികച്ച സിനിമാനുഭവം നല്‍കുന്ന പീരീഡ് ഡ്രാമ ത്രില്ലര്‍ ആയിരിക്കും 'കാന്ത' എന്നാണ് ഇതിന്റെ ടീസര്‍, ട്രെയ്ലര്‍ എന്നിവ സൂചിപ്പിക്കുന്നത്. 'കാന്ത' ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമയാകുമെന്ന് തന്നെയാണ് ട്രെയ്ലര്‍ സൂചിപ്പിക്കുന്നത്. തമിഴില്‍ ഒരുക്കിയ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് ചിത്രം 'ലക്കി ഭാസ്‌കറി'ന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ ഗാനം ഇതിനകം തന്നെ പ്രേക്ഷക പ്രീതി നേടിയിട്ടുണ്ട്.