ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം 'ഉള്ളുലച്ചുകളഞ്ഞ'തായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ രാത്രി മുഴുവൻ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നതായും, ഉറ്റവരെ നഷ്ടമായവരുടെ വേദന മനസ്സിലാക്കുന്നുവെന്നും ഭൂട്ടാൻ സന്ദർശനത്തിനിടെ അദ്ദേഹം പ്രതികരിച്ചു.(Justice will be ensured for the victims, PM Modi on Delhi blast)
"അന്വേഷണ ഏജൻസികൾ ആഴത്തിൽ പരിശോധിക്കും. കുറ്റക്കാരെ വെറുതെ വിടില്ല, നിയമത്തിന് മുന്നിൽ കൊണ്ടുവരും.ഇരകൾക്ക് നീതി ഉറപ്പാക്കും," അദ്ദേഹം പറഞ്ഞു.
ദുരന്തത്തിന് ഉത്തരവാദികളായവർക്ക് രക്ഷപ്പെടാനാവില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വ്യക്തമാക്കി. "സ്ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് കരുത്ത് നൽകാൻ പ്രാർത്ഥിക്കുന്നു." "ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്ന് രാഷ്ട്രത്തിന് ഉറപ്പ് നൽകുന്നു," രാജ്‌നാഥ് സിംഗ് പറഞ്ഞു.
അതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചുചേർത്ത ഉന്നതതല യോഗം ഇപ്പോഴും പുരോഗമിക്കുകയാണ്. യോഗത്തിൽ അന്വേഷണ ഏജൻസി മേധാവികളും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. ചികിത്സയിൽ ഉണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത്.