തിരുവനന്തപുരം: ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാഷ്ട്രപതി ഭവനിൽ രാവിലെ 9.15-നാണ് ചടങ്ങ് നടക്കുക. രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ കാലാവധി ഇന്നലെ അവസാനിച്ചതിനെ തുടർന്നാണ് പുതിയ നിയമനം.(Justice Surya Kant will take oath as the country's 53rd Chief Justice today)
ജി-20 ഉച്ചകോടി നടക്കുന്നതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുക്കുമോ എന്നതിൽ വ്യക്തതയില്ല. വിദേശ രാജ്യങ്ങളിലെ ചീഫ് ജസ്റ്റിസുമാർ ഉൾപ്പെടെയുള്ള പ്രമുഖർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.
സുപ്രീം കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകളിൽ വേഗത്തിൽ തീരുമാനമെടുക്കുമെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു. കൂടാതെ, ഭരണഘടനാപരമായ പ്രാധാന്യമുള്ള കേസുകളിൽ ഉടൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് തീരുമാനമെടുക്കേണ്ട കേസുകളിൽ വേഗത്തിൽ തീർപ്പുകൽപ്പിക്കുന്നതിനായി കൂടുതൽ ഭരണഘടനാ ബെഞ്ചുകൾ സ്ഥാപിക്കും. ദേശീയ പ്രാധാന്യമുള്ള കേസുകളിൽ വേഗത്തിൽ തീരുമാനമെടുക്കും. സുപ്രീം കോടതിയിൽ കെട്ടിക്കിടക്കുന്നതു കാരണം കീഴ്‌ക്കോടതികൾക്ക് തീരുമാനമെടുക്കാൻ കഴിയാത്ത കേസുകൾക്ക് പ്രഥമ പരിഗണന നൽകും.
കോർപ്പറേറ്റ് കേസുകളിൽ മധ്യസ്ഥതയ്ക്ക് (Mediation) ഊന്നൽ നൽകും. നിയമരംഗത്ത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (AI) ഉപയോഗത്തിൽ ശ്രദ്ധ ചെലുത്തും. കേരളത്തിലെ എസ്.ഐ.ആർ. കേസ് അടക്കം പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്തിൻ്റെ ബെഞ്ചാണ്. ജസ്റ്റിസ് സൂര്യകാന്തിനെ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഒക്ടോബർ 30-നാണ് രാഷ്ട്രപതി ദ്രൗപദി മുർമു പുറത്തിറക്കിയത്.
2027 ഫെബ്രുവരി 9 വരെയാണ് അദ്ദേഹത്തിൻ്റെ കാലാവധി. ഹരിയാനയിലെ ഹിസാർ സ്വദേശിയായ ജസ്റ്റിസ് സൂര്യകാന്ത്, ഹരിയാനയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ എത്തുന്ന ആദ്യത്തെ വ്യക്തി എന്ന നേട്ടം സ്വന്തമാക്കും. നിലവിൽ സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജസ്റ്റിസാണ് അദ്ദേഹം.
1962 ഫെബ്രുവരി 10-ന് ഹരിയാനയിലെ ഹിസാറിൽ ജനിച്ചു. 1984-ൽ മഹർഷി ദയാനന്ദ സർവ്വകലാശാലയിൽ നിന്ന് നിയമ ബിരുദം നേടി. 2011-ൽ കുരുക്ഷേത്ര സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ഹിസാറിലെ ജില്ലാ കോടതിയിൽ അഭിഭാഷകനായാണ് പ്രവർത്തനം ആരംഭിച്ചത്. 38-ാം വയസ്സിൽ ഹരിയാനയുടെ അഡ്വക്കേറ്റ് ജനറലായി ചുമതലയേറ്റു.
2004-ൽ പഞ്ചാബ് & ഹരിയാന ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിതനായി. 2018 ഒക്ടോബറിൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2019 മെയ് 24-നാണ് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റത്.