ഇന്ത്യയുടെ 53-ാം ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു: സത്യവാചകം ചൊല്ലിക്കൊടുത്ത് രാഷ്ട്രപതി | Justice Surya Kant
ന്യൂഡൽഹി: ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്നലെ കാലാവധി പൂർത്തിയാക്കിയ ജസ്റ്റിസ് ബി. ആർ. ഗവായിക്ക് പകരമായാണ് അദ്ദേഹം ചുമതലയേറ്റത്.(Justice Surya Kant takes charge as the 53rd Chief Justice of India)
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുൾപ്പെടെ നിരവധി കേന്ദ്രമന്ത്രിമാരും വിദേശരാജ്യങ്ങളിലെ ചീഫ് ജസ്റ്റിസുമാരും ചടങ്ങിൽ പങ്കെടുത്തു. ഹരിയാനയിലെ ഹിസാർ സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്.
ചുമതലയേറ്റതിന് പിന്നാലെ, സുപ്രീം കോടതിയുടെ ഭാവി പരിപാടികളെക്കുറിച്ച് ജസ്റ്റിസ് സൂര്യകാന്ത് തൻ്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കി. കെട്ടിക്കിടക്കുന്ന കേസുകളിൽ വേഗത്തിൽ തീരുമാനം എടുക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് തീരുമാനം എടുക്കേണ്ട കേസുകളിൽ ഉടൻ നടപടിയുണ്ടാകും. ഇതിനായി കൂടുതൽ ഭരണഘടനാ ബെഞ്ചുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീം കോടതിയിൽ കെട്ടിക്കിടക്കുന്നതിനാൽ കീഴ്ക്കോടതികൾക്ക് തീരുമാനം എടുക്കാൻ കഴിയാത്ത കേസുകൾക്ക് പ്രഥമ പരിഗണന നൽകും. ദേശീയ പ്രാധാന്യമുള്ള കേസുകളിൽ വേഗത്തിൽ തീരുമാനമെടുക്കും. കോർപ്പറേറ്റ് കേസുകളിൽ മധ്യസ്ഥതയ്ക്ക് ഊന്നൽ നൽകും. നിയമരംഗത്ത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (എ.ഐ.) ഉപയോഗത്തിൽ ശ്രദ്ധ ചെലുത്തും.
കേരളത്തിലെ എസ്.ഐ.ആർ. കേസ് അടക്കമുള്ള പ്രധാന കേസുകൾ പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്തിൻ്റെ ബെഞ്ചാണ്. സുപ്രീം കോടതിയിലെ നിലവിലെ ഏറ്റവും മുതിർന്ന ജസ്റ്റിസായ സൂര്യകാന്തിനെ ഒക്ടോബർ 30-നാണ് ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി പുറത്തിറക്കിയത്. അദ്ദേഹത്തിൻ്റെ കാലാവധി 2027 ഫെബ്രുവരി 9 വരെയാണ്. ഹരിയാനയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ എത്തുന്ന ആദ്യ വ്യക്തിയെന്ന നേട്ടം ഇതോടെ ജസ്റ്റിസ് സൂര്യകാന്ത് സ്വന്തമാക്കി.
