
ബീഹാർ: ബീഹാറിലെ ദർഭംഗയിൽ, പട്ടാപ്പകൽ നവവധുവിനെ അക്രമികൾ തട്ടിക്കൊണ്ടുപോയി. വരന്റെ കൺമുന്നിൽ തോക്കിൻമുനയിൽ നിർത്തിയാണ് യുവതിയെ അക്രമികൾ തട്ടിക്കൊണ്ടു പോയത്. ദർഭംഗ ജില്ലയിലെ സാകേത്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
റിപ്പോർട്ടുകൾ അനുസരിച്ച്, 2025 ഏപ്രിൽ 25 ന് ഗംഗാപൂരിൽ താമസിക്കുന്ന മാല കുമാരി എന്ന യുവതി സഞ്ജയ് കുമാർ രാം എന്ന യുവാവിനെ വിവാഹം കഴിച്ചു. പിറ്റേന്ന്, ഏപ്രിൽ 26 ന്, മാല ഘനശ്യാംപൂരിലുള്ള തന്റെ ഭർതൃവീട്ടിലേക്ക് പോകുകയായിരുന്നു. വഴിയിൽ, അവരുടെ കാർ മുഹ്താരിയ പാലത്തിൽ എത്തിയ ഉടൻ, നാല് മോട്ടോർ സൈക്കിളുകളിലായി എട്ട് അജ്ഞാത അക്രമികൾ എത്തി വാഹനം ബലമായി തടഞ്ഞു.
തുടർന്ന് അക്രമികൾ സഞ്ജയിനെയും മറ്റ് കുടുംബാംഗങ്ങളെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി, മാലയെ ബൈക്കിൽ നിർബന്ധിച്ച് ഇരുത്തി കടന്നുകളഞ്ഞു. പോകുമ്പോൾ, പോലീസിൽ അറിയിച്ചാൽ വരനെ കൊന്നുകളയുമെന്ന് അവർ മുന്നറിയിപ്പും നൽകി.കുടുംബം സാകേത്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അക്രമികളെ തിരിച്ചറിയുന്നതിനായി കുറ്റകൃത്യം നടന്ന സ്ഥലത്തിന് ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.