
ബീഹാർ : ബീഹാറിലെ സഹർസ ജില്ലയിൽ, ലോക് ജനശക്തി പാർട്ടി (രാം വിലാസ്) ബ്ലോക്ക് പ്രസിഡന്റ് അരുൺ യാദവിന്റെ മകൻ 21 വയസ്സുള്ള രാകേഷ് കുമാറിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ജില്ലയിലെ സിമ്രി ഭക്തിയാർപൂർ സബ്ഡിവിഷനു കീഴിലുള്ള സാൽഖുവ പോലീസ് സ്റ്റേഷൻ പ്രദേശത്തെ ദീഹ് തോലയിലാണ് സംഭവം. രാകേഷിനെ രക്ഷിക്കാൻ ഓടിയെത്തിയ അമ്മ രംഭ ദേവിക്കും ഈ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു,
തിങ്കളാഴ്ച വൈകുന്നേരം വീടിനടുത്ത് ഒറ്റക്ക് നിൽക്കുകയായിരുന്ന രാകേഷ് കുമാറിനെ, പതിയിരുന്ന അക്രമികൾ ആക്രമിച്ചു. വടികളുമായി എത്തിയ അക്രമികൾ രാകേഷിനെ പലതവണ വെട്ടിപ്പരിക്കേൽപ്പിച്ചു. രാകേഷിന്റെ നിലവിളി കേട്ട് അമ്മ രക്ഷിക്കാൻ ഓടിയെത്തിയപ്പോൾ, അക്രമികൾ അവരെയും ക്രൂരമായി ആക്രമിച്ചു.
ഗുരുതരമായി പരിക്കേറ്റ രാകേഷിനെ സഹർസ സദർ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നാട്ടുകാരും കുടുംബാംഗങ്ങളും ഉടൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. രാകേഷ് കുമാറിന്റെ വിവാഹം ഈ വർഷം നിശ്ചയിച്ചിരിക്കുന്നതിനിടെയാണ് ദുരന്തം തേടിയെത്തിയത്. മറ്റൊരു സംസ്ഥാനത്ത് ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന രാകേഷ് ജോലി ഉപേക്ഷിച്ച് കുറച്ചു കാലം മുമ്പ് നാട്ടിലേക്ക് മടങ്ങിയെത്തിയതായിരുന്നു.
സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ സിമ്രി ഭക്തിയാർപൂർ എസ്ഡിപിഒ മുകേഷ് കുമാർ താക്കൂറും സാൽഖുവ പോലീസ് സ്റ്റേഷൻ ഇൻചാർജും അവരുടെ സംഘവുമായി സ്ഥലത്തെത്തി. പോലീസ് മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി സദർ ആശുപത്രിയിലേക്ക് അയച്ചു. സംഭവസ്ഥലം സൂക്ഷ്മമായി പരിശോധിച്ചു. ഈ കേസിൽ സംശയിക്കപ്പെടുന്ന ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, അവരെ ചോദ്യം ചെയ്തുവരികയാണ്. പഴയ വ്യക്തിവൈരാഗ്യമാകാം കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണമെന്ന് പറയപ്പെടുന്നു. എല്ലാ വശങ്ങളിൽ നിന്നും പോലീസ് കേസ് അന്വേഷിക്കുന്നുണ്ട്.