പട്‌ന: ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജെഎസ്പി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ലാലു പ്രസാദ് യാദവിന്റെ അടുത്ത അനുയായിയും മുന്‍ ആര്‍ജെഡി നേതാവുമായിരുന്ന ദുലാര്‍ചന്ദ് യാദവ് ആണ് മരിച്ചത്.
നിലവില്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി (ജെഎസ്പി) അംഗമാണ് ദുലാര്‍ചന്ദ്. മൊകാമയില്‍ ജെഎസ്പി സ്ഥാനാര്‍ഥിക്കു വേണ്ടി പ്രചാരണം നടത്തവേയാണ് വെടിയേറ്റത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രണ്ടു സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. കാറിനകത്തു വച്ചാണ് ദുലർചന്ദ് യാദവിന് വെടിയേറ്റത്.
രണ്ടു പാർട്ടികളുടെ വാഹനറാലി കടന്നുപോകുമ്പോൾ ഇരുഭാഗത്തുനിന്നും വെടിവയ്പ്പുണ്ടായെന്ന് പൊലീസ് പറഞ്ഞു. നെഞ്ചില്‍ വെടിയേറ്റ യാദവ്, തല്‍ക്ഷണം മരിച്ചു. 1990-കളില്‍ ബിഹാറില്‍ ആര്‍ജെഡി അധികാരത്തിലിരിക്കേ മൊകാമ താല്‍ മേഖലയിലെ പ്രമുഖ നേതാവായിരുന്നു യാദവ്.