ഡല്‍ഹി: പിഎം ശ്രീ കരാർ ഒപ്പിടാൻ മധ്യസ്ഥം വഹിച്ചെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രസ്താവന തള്ളി ജോൺ ബ്രിട്ടാസ് എംപി. മന്ത്രി ശിവൻകുട്ടിയോടൊപ്പം പലതവണ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ കണ്ടിട്ടുണ്ട്. കേരളത്തിന്‍റെ തടഞ്ഞ വച്ച ഫണ്ടിനായി നിവേദനം നൽകിയിട്ടുണ്ട്. കരാർ ഒപ്പിടാൻ താൻ മധ്യസ്ഥം വഹിച്ചിട്ടില്ലെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രത്തിനും സംസ്ഥാത്തിനുമിടയില്‍ പാലമായത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രംഗത്തെത്തിയതോടെയാണ് വീണ്ടും വിവാദമായിരിക്കുന്നത്.
കരാറിൽ ഒപ്പുവയ്ക്കുന്നത് സംസ്ഥാന സർക്കാരിന്‍റെ കാര്യമാണ്. അതിൽ ഇടപെടേണ്ട ആവശ്യമില്ല. കോൺഗ്രസ് സർക്കാരുകളുടെ ചുമലിലൂടെ കേരളത്തെ ആക്രമിക്കുകയാണ് കേന്ദ്രമന്ത്രി ചെയ്തത്. കർണാടക, ഹിമാചൽ സർക്കാരുറുകൾ യഥേഷ്ടം ഫണ്ട് വാങ്ങി. കോൺഗ്രസ് സർക്കാരുകളുടെ നിലപാടാണ്, മറ്റ് പ്രതിപക്ഷ സർക്കാരുകളുടെ നിലപാടുകളെ ദുർബലമാക്കി.എൻഇപിയുടെയും പിഎം ശ്രീയുടെയും പേര് പറഞ്ഞ് കേരളത്തിന് ലഭിക്കേണ്ട ഫണ്ട് തടഞ്ഞുവെക്കുകയാണ് ചെയ്യുന്നതെന്ന് ബ്രിട്ടാസ് കുറ്റപ്പെടുത്തി.
എൻഇപിയുടെയും പിഎം ശ്രീയുടെയും പേര് പറഞ്ഞ് കേരളത്തിന് ലഭിക്കേണ്ട ഫണ്ട് തടഞ്ഞുവയ്ക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ പിഎം ശ്രീ വിഷയം നിലവിൽ സമിതിയുടെ പരിഗണനയിലാണ്. അതിൽ അഭിപ്രായം പറയാൻ ഇല്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
അതേസമയം, പിഎം ശ്രീ വിഷയം രാജ്യസഭയില്‍ ചര്‍ച്ചയായതോടെയായിരുന്നു പ്രതികരിച്ച് ധര്‍മ്മേന്ദ്ര പ്രധാന്‍ രംഗത്തെത്തിയത്. പിഎം ശ്രീയില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയില്‍ പാലമായത് ബ്രിട്ടാസാണെന്നും അതില്‍ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. സര്‍വ സമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രവുമായി കേരളം ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് പിഎം ശ്രീയില്‍ ഒപ്പിടുന്ന കാര്യത്തില്‍ സമ്മതമറിയിച്ചിരുന്നു. ഇതിന് ശേഷം എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് അറിയില്ല. സംസ്ഥാന സര്‍ക്കാരിലെ ആഭ്യന്തര തര്‍ക്കം മൂലം പദ്ധതി നടപ്പാക്കുന്നില്ല എന്നാണ് മനസിലാക്കുന്നത്. ആശയക്കുഴപ്പമുണ്ടാക്കിയത് സംസ്ഥാന സര്‍ക്കാരാണെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ കുറപ്പെടുത്തി.