

ന്യൂഡൽഹി: കറൻസിയിൽ നിന്ന് ഗാന്ധിജിയുടെ ചിത്രം മാറ്റാൻ കേന്ദ്ര നീക്കമെന്ന് ജോൺ ബ്രിട്ടാസ് എംപി. ഇന്ത്യൻ രൂപയിൽ നിന്ന് ഗാന്ധിചിത്രം ഒഴിവാക്കാനുള്ള ചർച്ചകളുടെ ഒന്നാം ഘട്ടം പൂർത്തിയായതായും ഇന്ത്യയുടെ ആർഷഭാരത പൈതൃകത്തെ പ്രതിനിധാനം ചെയ്യുന്ന ചിഹ്നങ്ങൾ പകരം കൊണ്ടുവരാനാണ് ആലോചനയെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
രാജ്യത്തെ പാവപ്പെട്ടവരെ ബാധിക്കുന്ന തൊഴിലുറപ്പ് ബിൽ പാസാക്കിയ തൊട്ടുപിന്നാലെ പ്രധാനമന്ത്രിയുടെ ചായ സൽക്കാരത്തിന് പ്രിയങ്ക പോയത് ജനാധിപത്യത്തിന് കളങ്കമാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ ലീഡറോ, ചീഫ് വിപ്പോ പോലെയുള്ള യാതൊരു ഔദ്യോഗിക പദവികളും ഇല്ലാത്ത പ്രിയങ്ക ഗാന്ധി ഏത് സാഹചര്യത്തിലാണ് സൽക്കാരത്തിൽ പങ്കെടുത്തതെന്ന് അദ്ദേഹം ചോദിച്ചു.
ജനാധിപത്യവിരുദ്ധമായ ബില്ലുകൾ പാസാക്കുന്ന സർക്കാരിനോട് മൃദുസമീപനം സ്വീകരിക്കുന്നത് പ്രതിപക്ഷത്തിന്റെ വിശ്വാസ്യതയെ തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഒരുപക്ഷേ മഹാത്മാഗാന്ധിയെ കറൻസിയിൽ നിന്ന് നീക്കിയ ശേഷമുള്ള ചായ സൽക്കാരത്തിലും പ്രിയങ്ക പങ്കെടുത്തേക്കാം" എന്നും ബ്രിട്ടാസ് പരിഹസിച്ചു.
തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നതടക്കമുള്ള വിവാദങ്ങൾ നിലനിൽക്കെയാണ് കറൻസിയിലെ ഗാന്ധിചിത്രം മാറ്റാനുള്ള നീക്കത്തെക്കുറിച്ചുള്ള ബ്രിട്ടാസിന്റെ വെളിപ്പെടുത്തൽ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നത്.