
സീതാറാം യെച്ചൂരിയും ജെഎൻയുവും തമ്മിലുള്ള ബന്ധം വിവരിക്കാവുന്നതിലും അതീതമാണ്. യെച്ചൂരിയെന്ന കമ്മ്യൂണിസ്റ്റിനെ സ്ഫുടം ചെയ്തെടുത്ത ആ കാംപസിലേക്ക് ഒടുവിലായി എത്തിയപ്പോൾ വികാരഭരിതമായ നിമിഷങ്ങൾക്കാണ് സാക്ഷിയായത്. 'വീ ആർ ജെഎൻയു, സീതാറാം സീതാറാം സീതാറാം ജെഎൻയു', റെഡ് സല്യൂട്ട് റെഡ് സല്യൂട്ട് റെഡ് സല്യൂട്ട് ടു കോമ്രേഡ് എന്നീ മുദ്രാവാക്യങ്ങൾ ഇടമുറിയാതെ മുഴങ്ങിയപ്പോൾ പ്രകാശ് കാരാട്ട് ഉൾപ്പടെ നിരവധി പ്രമുഖരും വിദ്യാർഥികളും അദ്ദേഹത്തിന് അന്ത്യാഭിവാദ്യമർപ്പിച്ചു.
1974ൽ ഉറ്റസുഹൃത്തായ പ്രകാശ് കാരാട്ടിന് വോട്ട് ചോദിക്കാനായി ജെഎൻയുവിൽ നടത്തിയതാണ് യെച്ചൂരിയുടെ ഏറ്റവും ആദ്യത്തെ രാഷ്ട്രീയ പ്രസംഗങ്ങൾ. അതേ ജെഎൻയുവിൽ പ്രിയസഖാവിന് അന്ത്യാജ്ഞലി അർപ്പിക്കാൻ കാരാട്ട് നേരിട്ടെത്തി.