

റാഞ്ചി: പശ്ചിമ സിംഗ്ഭും ജില്ലയിലെ സാരാന്ത വനമേഖലയിൽ സുരക്ഷാസേന നടത്തിയ മിന്നൽ നീക്കത്തിൽ 17 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ജാർഖണ്ഡ് സർക്കാർ തലയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗം പതിറാം മാജി (അനിൽ ദാ) കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു എന്നത് സുരക്ഷാസേനയുടെ വലിയ വിജയമായാണ് കണക്കാക്കപ്പെടുന്നത്.
സി.ആർ.പി.എഫിന്റെ 209-ാം കോബ്ര ബറ്റാലിയൻ, ചായ്ബാസ ജില്ലാ പോലീസ്, ജാർഖണ്ഡ് ജാഗ്വാർ എന്നീ സേനകൾ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. വ്യാഴാഴ്ച നടന്ന വെടിവെപ്പിൽ അനിൽ ദാ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച നടത്തിയ തെരച്ചിലിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെയാണ് എണ്ണം 17 ആയത്. കൊല്ലപ്പെട്ടവരിൽ അഞ്ച് വനിതാ പ്രവർത്തകരുമുണ്ട്.
മാവോയിസ്റ്റ് സംഘടനയിലെ തന്ത്രജ്ഞനായ നേതാവായിരുന്നു അനിൽ ദാ. ജാർഖണ്ഡിൽ മാത്രം ഇയാൾക്കെതിരെ 149 ക്രിമിനൽ കേസുകൾ നിലവിലുണ്ട്. അയൽസംസ്ഥാനങ്ങളിലും ഇയാൾ ഒട്ടേറെ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും അത്യാധുനിക തോക്കുകളും സ്ഫോടക വസ്തുക്കളും മാവോയിസ്റ്റ് ലഘുലേഖകളും സുരക്ഷാസേന കണ്ടെടുത്തിട്ടുണ്ട്. വനമേഖലയിൽ ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. കൂടുതൽ മാവോയിസ്റ്റുകൾ പരിക്കേറ്റ നിലയിൽ വനത്തിനുള്ളിൽ ഒളിച്ചിരിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയിലാണ് സൈന്യം.