റാഞ്ചി : സൗദി അറേബ്യയിൽ പോലീസും മദ്യക്കടത്തുകാരെന്ന് സംശയിക്കുന്നവരും തമ്മിലുണ്ടായ വെടിവെപ്പിൽപ്പെട്ട് ജാർഖണ്ഡ് സ്വദേശിയായ 27-കാരൻ കൊല്ലപ്പെട്ടു. ഗിരിഡി ജില്ലയിലെ ദുധാപനിയ ഗ്രാമവാസിയായ വിജയ് കുമാർ മഹ്‌തോയാണ് ദിവസങ്ങൾക്ക് മുമ്പ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ഒമ്പത് മാസമായി ഹ്യുണ്ടായ് എൻജിനീയറിങ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയിൽ ടവർ ലൈൻ ഫിറ്ററായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.(Jharkhand native killed in Shooting in Saudi Arabia)
കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം ജോലി സ്ഥലത്ത് നിന്ന് സാധനങ്ങൾ എടുക്കാൻ പോയ സമയത്താണ് വിജയ് മഹ്‌തോയ്ക്ക് വെടിയേറ്റത്. അനധികൃത മദ്യവ്യാപാരവുമായി ബന്ധമുള്ള ഒരു സംഘവും ജിദ്ദ പോലീസും തമ്മിലുള്ള കള്ളക്കടത്ത് വിരുദ്ധ ഓപ്പറേഷനിടെ പ്രാദേശിക പോലീസ് വെടിയുതിർക്കുകയായിരുന്നു.
സംഭവസ്ഥലത്തുകൂടി കടന്നുപോവുകയായിരുന്ന വിജയ് മഹ്‌തോയ്ക്ക് അബദ്ധത്തിൽ വെടിയേറ്റതായാണ് വിവരം. പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒക്ടോബർ 24-ന് അദ്ദേഹം മരണത്തിന് കീഴടങ്ങി. അതേ ദിവസം തന്നെയാണ് കമ്പനി മരണവിവരം വീട്ടുകാരെ അറിയിച്ചത്.
വെടിവെപ്പിൽ തനിക്ക് പരിക്കേറ്റുവെന്ന് കാണിച്ച് വിജയ് ഭാര്യയ്ക്ക് വാട്‌സ്ആപ്പിൽ ഒരു ശബ്ദ സന്ദേശം അയച്ചിരുന്നു. പരിക്കേറ്റെങ്കിലും അദ്ദേഹം രക്ഷപ്പെട്ടുവെന്നാണ് കുടുംബം ആദ്യം കരുതിയിരുന്നതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തു.
സംഭവത്തെത്തുടർന്ന്, വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് ഡുമ്രി എം.എൽ.എ. ജയറാം കുമാർ മഹ്‌തോ സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിക്ക് കത്തെഴുതി. മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും മൃതദേഹം ഉടൻ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്നും നിയമസഭാംഗം കത്തിൽ ആവശ്യപ്പെട്ടു.