

റാഞ്ചി: ജാർഖണ്ഡിലെ വെസ്റ്റ് സിങ്ഭും ജില്ലയിലുണ്ടായ അതിശക്തമായ ഏറ്റുമുട്ടലിൽ 15 മാവോവാദികൾ കൊല്ലപ്പെട്ടു. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) സെൻട്രൽ കമ്മിറ്റി അംഗവും തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിക്കപ്പെട്ട നേതാവുമായ പഥിറാം മാഞ്ചി കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടതായാണ് പ്രാഥമിക വിവരങ്ങൾ. സറന്ദ വനമേഖലയിൽ വ്യാഴാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.
ചൊവ്വാഴ്ച മുതൽ സിആർപിഎഫിന്റെ എലൈറ്റ് യൂണിറ്റായ കോബ്ര (CoBRA) കമാൻഡോകൾ വനമേഖലയിൽ പരിശോധന തുടങ്ങിയിരുന്നു. ഏകദേശം 1500-ഓളം ജവാന്മാരാണ് തിരച്ചിലിൽ പങ്കെടുത്തത്. വ്യാഴാഴ്ച രാവിലെ ആറരയോടെ കിരിബുരു മേഖലയിൽ വെച്ച് മാവോവാദികൾ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സേന തിരിച്ചടിച്ചതോടെയാണ് കനത്ത പോരാട്ടം നടന്നത്.
കൊല്ലപ്പെട്ടവരിൽ പഥിറാം മാഞ്ചി ഉണ്ടെന്നത് മാവോവാദി പ്രസ്ഥാനത്തിന് വലിയ തിരിച്ചടിയാണ്. ഒളിവിൽ കഴിഞ്ഞുകൊണ്ട് സംഘടനയുടെ പ്രധാന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. ഉച്ചയോടെ 15 മൃതദേഹങ്ങൾ കണ്ടെടുത്തു. കൂടുതൽ പേർ കൊല്ലപ്പെട്ടിരിക്കാൻ സാധ്യതയുള്ളതിനാൽ മേഖലയിൽ ഇപ്പോഴും സിആർപിഎഫ് തിരച്ചിൽ തുടരുകയാണ്. വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്.
ജാർഖണ്ഡ്-ഒഡീഷ അതിർത്തി മേഖലയിലെ മാവോവാദി സാന്നിധ്യം പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് സുരക്ഷാസേന ഈ നീക്കം നടത്തിയത്.