ജയിലിനുള്ളിൽ മദ്യ അഴിമതിക്കേസിലെ പ്രതികളുടെ പാട്ടും ഡാൻസും, വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറൽ, രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വീഡിയോ | Jharkhand Jail Dance

ജാർഖണ്ഡിലെ റാഞ്ചിയിലുള്ള ബിർസ മുണ്ട സെൻട്രൽ ജയിലിൽ നിന്നുമുള്ള അഴിമതി കേസുകളിലെ പ്രതികളുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്
Jharkhand Jail
Published on

പുറത്ത് പണവും അധികാരവുമുള്ള പ്രതികൾക്ക് ജയിലിൽ കിട്ടുന്ന പ്രതേക പരിഗണന സിനിമകളിൽ കണ്ടിട്ടുണ്ട്. എന്നാൽ ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ ബിർസ മുണ്ട സെൻട്രൽ ജയിലിൽ നിന്നുമുള്ള പ്രതികളുടെ വീഡിയോയിലൂടെ ആ കാഴ്ച നേരിലും കാണാം. വീഡിയോയിലെ നൃത്തം ചെയ്യുന്ന തടവുകാർ കോടിക്കണക്കിന് രൂപയുടെ മദ്യ അഴിമതിക്കേസിലെ പ്രതിയായ വിധു ഗുപ്തയും ജിഎസ്ടി അഴിമതിക്കേസിലെ പ്രതിയായ വിക്കി ഭലോട്ടിയയുമാണ്. 17 സെക്കൻഡ് ദൈർഘ്യമുള്ള ഈ ഹ്രസ്വ ക്ലിപ്പിൽ രണ്ട് തടവുകാർ പാട്ടിനൊപ്പിച്ച് നൃത്തം ചെയ്യുന്നതും അത് മറ്റൊരു തടവുകാരന്‍ മൊബൈലില്‍ ചിത്രീകരിക്കുന്നതും കാണാം. ജയിലിലെ മറ്റ് അന്തേവാസികൾ ഇരുവരുടേയും ന‍ൃത്തം നോക്കി നില്‍ക്കുന്നതും വീഡിയോയിലുണ്ട്. അതീവ സുരക്ഷയുള്ള ജയിലിനുള്ളിൽ കർശനമായി നിരോധിച്ചിരിക്കുന്ന ഒന്നാണ് മൊബൈല്‍. അത് വച്ച് ചിത്രീകരിച്ച വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. (Jharkhand Jail Dance)

സാധാരണ തടവുകാർക്ക് ലഭ്യമല്ലാത്ത സൗകര്യങ്ങളുള്ള ഒരു പ്രത്യേക ഹാളിലാണ് ഇരുവരും നൃത്തം ചെയ്തത്. ഇത് ജയിലിനുള്ളിൽ ഇരുവർക്കുമുള്ള വിഐപി പരിഗണയിലേക്ക് വിരൽചൂണ്ടുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വിവദമാവുകയും പിന്നാലെ ജയിൽ ഭരണകൂടം വിഷയത്തിൽ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചു.

പ്രാഥമിക അന്വേഷണത്തിൽ ജയിൽ ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള അശ്രദ്ധയാണ് സംഭവത്തിന് കാരണമെന്ന് കണ്ടെത്തിയതായും അസിസ്റ്റന്‍റ് ജയിലർ ദേവ്‌നാഥ് റാം, ജമാദാർ വിനോദ് കുമാർ യാദവ് എന്നിവരെ സസ്‌പെൻഡ് ചെയ്തതായും സംസ്ഥാന ജയിൽ വകുപ്പ് അറിയിച്ചു. തടവുകാർക്ക് മൊബൈൽ ഫോൺ ഉപയോഗിച്ച് വീഡിയോ പകർത്താൻ എങ്ങനെ കഴിഞ്ഞുവെന്നതും അന്വേഷണ പരിധിയില്‍പ്പെടുന്നു.

Related Stories

No stories found.
Times Kerala
timeskerala.com