ചെന്നൈ: തമിഴ് താരം വിജയ് നായകനായ 'ജനനായകൻ' സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട തർക്കത്തിൽ മദ്രാസ് ഹൈക്കോടതിയിൽ നിർണ്ണായക വാദം. ചിത്രത്തിന് പ്രദർശനാനുമതി നൽകണമെങ്കിൽ 14 ഭാഗങ്ങൾ നീക്കം ചെയ്യണമെന്നാണ് സെൻസർ ബോർഡ് കോടതിയെ അറിയിച്ചത്. ഇത് പ്രാഥമികമായ നിർദ്ദേശം മാത്രമാണെന്നും അന്തിമ തീരുമാനമല്ലെന്നും ബോർഡിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ സുന്ദരേശൻ വ്യക്തമാക്കി.
ജനനായകൻ നിർമ്മിക്കാൻ 500 കോടി രൂപ ചിലവായെന്ന നിർമ്മാതാക്കളുടെ അവകാശവാദത്തെ സെൻസർ ബോർഡ് ചോദ്യം ചെയ്തു. സിനിമയുടെ വൻ തുകയിലുള്ള മുതൽമുടക്ക് ബോർഡിന്റെ പരിശോധനാ നടപടികളെ സ്വാധീനിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുൻപേ റിലീസ് തിയതി പ്രഖ്യാപിച്ച നിർമ്മാതാക്കളുടെ നടപടിയെ ബോർഡ് കോടതിയിൽ വിമർശിച്ചു. സിനിമറ്റോഗ്രാഫ് ആക്ടിലെ ചട്ടങ്ങൾ ഉദ്ധരിച്ചായിരുന്നു ഈ വാദം.
ചിത്രം കൂടുതൽ പരിശോധനകൾക്കായി റിവൈസിങ് കമ്മിറ്റിക്ക് വിട്ട വിവരം ജനുവരി ആറിന് തന്നെ നിർമ്മാതാക്കളെ അറിയിച്ചിരുന്നു. സി.ബി.എഫ്.സി മുംബൈ ഓഫീസാണ് ഇക്കാര്യം കൈമാറിയതെന്നും സി.ബി.എഫ്.സി ചെയർപേഴ്‌സൺ ചിത്രത്തിന്റെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ബോർഡ് കോടതിയെ അറിയിച്ചു.
സിനിമയുടെ സെൻസർഷിപ്പ് വൈകുന്നതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. ബിജെപി സെൻസർ ബോർഡിനെ രാഷ്ട്രീയ ആയുധമാക്കുന്നു എന്നായിരുന്നു സ്റ്റാലിന്റെ വിമർശനം. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ എത്തുന്ന ചിത്രം എന്ന നിലയിൽ വലിയ രാഷ്ട്രീയ പ്രാധാന്യമാണ് 'ജനനായകൻ' റിലീസിനുള്ളത്.
ഉച്ചഭക്ഷണത്തിന് ശേഷം സിനിമയുടെ നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസിന്റെ വാദം കോടതിയിൽ തുടരും. സിനിമയുടെ റിലീസ് പ്രതിസന്ധി നീങ്ങുമോ എന്ന് ഇന്നത്തെ കോടതി നടപടികൾക്ക് ശേഷം വ്യക്തമാകും.