

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ് നായകനാകുന്ന 'ജനനായകൻ' എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ നാടകീയമായ വാദപ്രതിവാദങ്ങൾ (Jananayakan Court Case). സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുൻപ് തന്നെ നിർമ്മാതാക്കൾ റിലീസ് തീയതി പ്രഖ്യാപിച്ചത് ചട്ടവിരുദ്ധമാണെന്ന് സെൻസർ ബോർഡ് (CBFC) കോടതിയിൽ വാദിച്ചു. എന്നാൽ, സിനിമാ മേഖലയിൽ റിലീസ് തീയതി മുൻകൂട്ടി പ്രഖ്യാപിക്കുന്നത് പതിവാണെന്നും ബോളിവുഡ് ചിത്രം 'ധുരന്ധർ 2' ഉൾപ്പെടെയുള്ളവ ഇതിന് ഉദാഹരണമാണെന്നും കെവിഎൻ പ്രൊഡക്ഷൻസിന് വേണ്ടി ഹാജരായ അഭിഭാഷകൻ മറുപടി നൽകി.
സെൻസർ ബോർഡിന്റെ അനുമതിയില്ലാതെ എങ്ങനെ റിലീസ് തീയതി നിശ്ചയിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചപ്പോഴാണ് പ്രതിരോധവുമായി നിർമ്മാതാക്കൾ രംഗത്തെത്തിയത്. രൺവീർ സിംഗ് നായകനാകുന്ന 'ധുരന്ധർ 2' എന്ന ചിത്രത്തിന്റെ റിലീസ് 2026 മാർച്ച് 19-നാണെന്ന് ഡിസംബറിൽ തന്നെ പ്രഖ്യാപിച്ചിരുന്നുവെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ജനനായകന് ഇതിനകം 22 വിദേശ രാജ്യങ്ങളിൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചതായും റിലീസ് പ്രഖ്യാപിക്കാൻ ബോർഡ് സർട്ടിഫിക്കറ്റിനായി കാത്തിരിക്കുന്ന രീതി സിനിമാ വ്യവസായത്തിലില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ചിത്രത്തിന് യു/എ (U/A) സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് നേരത്തെ സ്റ്റേ ചെയ്തിരുന്നു. ചിത്രത്തിൽ രാഷ്ട്രീയമായ പരാമർശങ്ങൾ ഉണ്ടെന്നും പല രംഗങ്ങളിലും മാറ്റങ്ങൾ വരുത്തണമെന്നുമാണ് സെൻസർ ബോർഡിന്റെ നിലപാട്. പൊങ്കൽ റിലീസ് ലക്ഷ്യമിട്ടിരുന്ന ചിത്രം നിയമപോരാട്ടം മൂലം വൈകുകയാണ്. സെൻസർ ബോർഡിന്റെ നടപടിക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ വിജയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. കോടതിയുടെ അന്തിമ വിധി അറിയാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ ലോകം.
The legal battle over the release of Vijay's film Jananayakan continues in the Madras High Court, with the CBFC questioning the announcement of a release date before obtaining a censor certificate. In response, the producers' counsel cited Bollywood film Dhurandhar 2 as an example of films announcing release dates months in advance. While a single bench had previously ordered a U/A certificate, the division bench stayed it, and the court is currently hearing arguments regarding the 14 cuts suggested by the censor board.