

ശ്രീനഗർ: ജമ്മു കാശ്മീരിലെ ദോഡ ജില്ലയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ 10 സൈനികർക്ക് വീരമൃത്യു. വ്യാഴാഴ്ച (ജനുവരി 22, 2026) രാവിലെ ദോഡയിലെ ഭദർവ-ചംബ അന്തർസംസ്ഥാന പാതയിലെ ഖാനി ടോപ്പിന് സമീപമാണ് അപകടം നടന്നത്. 17 സൈനികരുമായി പോയ ബുള്ളറ്റ് പ്രൂഫ് വാഹനം (കാസ്പിർ) നിയന്ത്രണം വിട്ട് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.
ഉയർന്ന പ്രദേശത്തുള്ള സൈനിക പോസ്റ്റിലേക്ക് പോവുകയായിരുന്ന വാഹനത്തിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമായത്. മഞ്ഞുവീഴ്ചയും പ്രതികൂല കാലാവസ്ഥയും ദുർഘടമായ പാതയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയുയർത്തി.
നാല് സൈനികർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. പരിക്കേറ്റ 13 പേരിൽ ആറ് പേർ കൂടി പിന്നീട് ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങിയതോടെയാണ് ആകെ മരണം പത്തായി ഉയർന്നത്. പരിക്കേറ്റ മറ്റ് ഏഴ് സൈനികരെ കൊക്കയിൽ നിന്ന് സാഹസികമായി പുറത്തെടുത്ത് ഉദംപൂരിലെ മിലിട്ടറി ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ എയർലിഫ്റ്റ് ചെയ്താണ് ആശുപത്രിയിലെത്തിച്ചത്.
അപകടത്തിൽ ജമ്മു കാശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. രാജ്യം മുഴുവൻ സൈനികരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ ജമ്മു കാശ്മീരിലുണ്ടാകുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. ജനുവരി എട്ടിന് ഗുൽമാർഗ് സെക്ടറിൽ രണ്ട് സൈനിക പോർട്ടർമാർ കൊക്കയിലേക്ക് വീണ് മരിച്ചിരുന്നു.