ശ്രീനഗർ: പൊതുസ്ഥലത്ത് വെച്ച് സർക്കാർ ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ ജമ്മു കശ്മീരിൽ ഡിഎസ്പി സുനിൽ സിങിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബ്ലോക്ക് ഡെവലപ്‌മെൻ്റ് ഓഫീസറായ (ബിഡിഒ) അസർ ഖാനെയാണ് ഡിഎസ്പി മർദിച്ചത്. ജമ്മു കശ്മീരിലെ ഗാന്ധിനഗറിലാണ് സംഭവം നടന്നത്. ട്രാഫിക് ബ്ലോക്കിനിടെ, ബിഡിഒ ആയ അസർ ഖാൻ തെറ്റായ ദിശയിലൂടെ ഓടിച്ചുവന്ന വാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകയും ഇത് ഗാന്ധിനഗറിൽ വലിയ ട്രാഫിക് കുരുക്കിന് കാരണമാവുകയും ചെയ്തു.(Jammu and Kashmir DSP suspended for assaulting government official)
സ്ഥലത്തെത്തിയ ഡിഎസ്പി സുനിൽ സിങ് രോഷാകുലനാവുകയും അസർ ഖാനെ വഴക്ക് പറഞ്ഞ ശേഷം മർദിക്കുകയുമായിരുന്നു. സംഭവത്തിൻ്റെ വീഡിയോ ദൃശ്യം പുറത്തുവന്നതോടെ ഇത് വലിയ വിവാദമായി.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ സുനിൽ സിങിനെ ആദ്യഘട്ടത്തിൽ സ്ഥലം മാറ്റിയിരുന്നു. എന്നാൽ രാഷ്ട്രീയ നേതാക്കളും പൊതുജനങ്ങളും ഡിഎസ്പിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നു. ജമ്മു കശ്മീരിലെ സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനയായ ജമ്മു കശ്മീർ അഡ്മിനിസ്ട്രേറ്റീവ് സർവീസസ് അസോസിയേഷൻ (JKASA) അതിശക്തമായ പ്രതിഷേധം അറിയിക്കുകയും ഉദ്യോഗസ്ഥനെതിരെ കർശന നടപടിക്ക് വേണ്ടി സമ്മർദ്ദം ചെലുത്തുകയും ചെയ്തു. ഇതിനെ തുടർന്നാണ് ഡിഎസ്പിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.
ഡിഎസ്പിക്കെതിരെ നടപടി വന്നതിന് പിന്നാലെ, അസർ ഖാൻ തെറ്റായ ദിശയിൽ വാഹനം ഓടിച്ചുവരുന്നതിൻ്റെയും തുടർന്ന് പോലീസും ഇദ്ദേഹവും തമ്മിൽ തർക്കമുണ്ടാകുന്നതിൻ്റെയും കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെ ഗതാഗത നിയമം ലംഘിച്ച ബിഡിഒ അസർ ഖാനെതിരെയും സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നിട്ടുണ്ട്.