

ന്യൂ ഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുമായി വ്യാപാരബന്ധം തുടരുന്നതിനെച്ചൊല്ലി ഇന്ത്യയെ കുറ്റപ്പെടുത്തുന്ന സമീപനം പോളണ്ട് ഒഴിവാക്കണമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ആവശ്യപ്പെട്ടു (India-Poland Relations). ന്യൂഡൽഹിയിൽ പോളിഷ് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ റാഡോസ്ലാവ് സിക്കോർസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യയുടെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന പോളണ്ടിന്റെ നടപടി അവസാനിപ്പിക്കണമെന്നും അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പാക്കിസ്ഥാൻ നൽകുന്ന സഹായങ്ങളെ കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം കർശനമായി നിർദ്ദേശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ പോളണ്ട് സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും തമ്മിൽ രൂപീകരിച്ച തന്ത്രപരമായ പങ്കാളിത്തത്തിന്റെ ചുവടുപിടിച്ചാണ് ഈ ചർച്ചകൾ നടന്നത്. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ ഇരുപക്ഷവും താല്പര്യം പ്രകടിപ്പിച്ചുണ്ടെങ്കിലും ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് ജയശങ്കർ വ്യക്തമാക്കി. മധ്യ യൂറോപ്പിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ് പോളണ്ട് എന്ന വസ്തുത നിലനിൽക്കെത്തന്നെയാണ് ഈ നയതന്ത്ര മുന്നറിയിപ്പ് എന്നത് ശ്രദ്ധേയമാണ്.
ഇന്ത്യയും പോളണ്ടും തമ്മിൽ നിലവിൽ ഏകദേശം 7 ബില്യൺ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമുണ്ട്. ഇന്ത്യൻ നിക്ഷേപങ്ങൾ പോളണ്ടിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാൻ രണ്ട് രാജ്യങ്ങളും ആഗ്രഹിക്കുന്നുണ്ടെങ്കിലും റഷ്യൻ ബന്ധത്തിന്റെ പേരിൽ പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന സന്ദേശമാണ് ജയശങ്കർ നൽകിയത്. പാക്കിസ്ഥാന് പോളണ്ട് നൽകുന്ന നേരിട്ടോ അല്ലാതെയോ ഉള്ള പിന്തുണ ഇന്ത്യയുടെ പരമാധികാരത്തിന് ഭീഷണിയാണെന്നും അത് ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും ഇന്ത്യ ഓർമ്മിപ്പിച്ചു.
Indian External Affairs Minister S. Jaishankar issued a firm warning to Poland against targeting India for its continued trade ties with Russia amid the Ukraine conflict. During a meeting with Polish Deputy PM Radoslaw Sikorski, Jaishankar also urged Poland to stop supporting Pakistan, particularly regarding cross-border terrorism. While both nations expressed interest in strengthening their strategic partnership in trade and defense, India emphasized that international relations must respect its security concerns and sovereign decisions.