കർണാടകയിലെ കുടകിലെ മൃഗശാലയിൽ നിന്നും ഇറ്റാലിയൻ കണ്ടന്റ് ക്രിയേറ്ററായ ഒരു യുവാവ് ഷെയർ ചെയ്ത പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയിലെ ഈ മൃഗശാലയിൽ മൃഗങ്ങൾക്ക് പകരം താനാണ് ആളുകളുടെ ശ്രദ്ധയാകർഷിച്ചത് എന്നാണ് യുവാവ് പറയുന്നത്. ലോറെൻസോ നോവ നോബിലിയോ എന്ന യുവാവാണ് ഇന്ത്യയിലെ തന്റെ യാത്രയ്ക്കിടെ മൃഗശാല സന്ദർശിച്ച ശേഷം ഇൻസ്റ്റാഗ്രാമിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 'താൻ ഇന്ത്യയിലെ ഒരു മൃഗശാലയിൽ പോയി' എന്ന വാചകത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. (Zoo)
യുവാവ് മൃഗശാലയിലേക്ക് നടക്കുന്നതും വീഡിയോയിൽ കാണാം. സംഗതി ഇതെല്ലാം സാധാരണ ട്രാവൽ വ്ലോഗിൽ കാണുന്നത് പോലെ തന്നെയാണെങ്കിലും കുറച്ച് കഴിഞ്ഞപ്പോൾ നാല് ഇന്ത്യൻ യുവാക്കൾ ലോറെൻസോയെ സമീപിക്കുകയായിരുന്നു. ലോറെൻസോയ്ക്കൊപ്പം ഫോട്ടോ പകർത്തണം എന്നതായിരുന്നു അവരുടെ ആവശ്യം. അങ്ങനെ മൃഗശാലയിൽ പോയി മൃഗങ്ങളുടെ ഫോട്ടോ എടുക്കുന്നതിന് പകരം അവർ ലോറെൻസോയ്ക്കൊപ്പം നിന്ന് ഫോട്ടോ എടുത്തു.
'എല്ലാവരും കാണാനെത്തിയ ആ അപൂർവജീവി താനായി മാറി' എന്ന് പറഞ്ഞുകൊണ്ടാണ് ഈ രംഗം ലോറെൻസോ ഷെയർ ചെയ്തിരിക്കുന്നത്. ആദ്യം മുതലേ അവർ തന്റെ ഷോ കണ്ടതുകൊണ്ടാണ് ഇങ്ങനെ ഫോട്ടോയെടുക്കാനെത്തിയത് എന്നാണ് താൻ കരുതുന്നത് എന്നാണ് ലോറെൻസോ പറയുന്നത്. ഒപ്പംതന്നെ കൂട്ടത്തിൽ ഒരു യുവാവ് ലോറെൻസോയുടെ കൈകൾ മുറുക്കെ കോർത്ത് പിടിച്ചിട്ടുണ്ട്, അതേ കുറിച്ചും വീഡിയോയുടെ ക്യാപ്ഷനിൽ സൂചിപ്പിച്ചിരിക്കുന്നത് കാണാം. നിരവധിപ്പേരാണ് രസകരമായ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'ഇന്ത്യയിൽ വിദേശികളെന്നാൽ സെലിബ്രിറ്റികളാണ്' എന്ന് ചിലർ കമന്റിൽ സൂചിപ്പിച്ചിട്ടുണ്ട്. നേരത്തെയും ഇതുപോലെ വിദേശത്ത് നിന്നെത്തുന്നവർ ഇന്ത്യക്കാർ ഒപ്പം നിന്ന് ഫോട്ടോ പകർത്താൻ വന്നതിന്റെ അനുഭവങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.