IPL tragedy: 'ഉൾക്കൊള്ളാനാവുക 35000 പേരെ, എത്തിയത് 3 ലക്ഷത്തോളം'; ചിന്നസ്വാമി സ്റ്റേഡിയം അപകടത്തിൽ അന്വേഷണത്തിന് ഉത്തരവ്

IPL tragedy
Published on

ബെംഗളൂരു: കർണാടക: ചിന്നസ്വാമി സ്റ്റേഡിയം അപകടത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക സര്‍ക്കാര്‍. സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും പതിനൊന്നുപേർ മരണമടയുകയും 50 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പരിക്കേറ്റവരിൽ 6 പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. അന്വേഷണം 15 ദിവസത്തിനകം പൂർത്തിയാക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. അപകടത്തിന് ഉത്തരവാദികളായവർക്ക് എതിരെ കർശന നടപടി എടുക്കുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അപകടത്തെ തുടർന്ന് വിളിച്ചു ചേർത്ത പ്രത്യേക വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം , ചിന്നിസ്വാമി സ്റ്റേഡിയത്തിലായിരുന്നു ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. ഈ സ്റ്റേഡിയത്തിൽ 35000 ആളുകളെ മാത്രമാണ് ഉള്‍ക്കൊള്ളാനാകുന്നത്. എന്നാല്‍ സ്റ്റേഡിയത്തില്‍ കയറാനായി വന്നത് രണ്ട് മുതല്‍ മൂന്ന് ലക്ഷത്തോളം പേരാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

''ഈ ദാരുണ സംഭവത്തെ ന്യായീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ സര്‍ക്കാര്‍ ഇതില്‍ രാഷ്ട്രീയം കളിക്കില്ല. ഞാന്‍ ഒരു മജിസ്‌ട്രേറ്റ് തലത്തിലുള്ള അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്, 15 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. ആളുകള്‍ സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ പോലും തകര്‍ത്തു. തിക്കിലും തിരക്കിലും പെട്ടു. ഇത്രയും വലിയ ജനക്കൂട്ടം ആരും പ്രതീക്ഷിച്ചിരുന്നില്ല. സ്റ്റേഡിയത്തില്‍ 35,000 പേര്‍ക്ക് മാത്രമേ ഇരിക്കാന്‍ കഴിയൂ, പക്ഷേ 2-3 ലക്ഷം ആളുകള്‍ എത്തി' സിദ്ധരാമയ്യ പറഞ്ഞു.

അതേസമയം , മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് പൂര്‍ണ്ണമായും സൗജന്യ ചികിത്സയും കര്‍ണാടക സര്‍ക്കാര്‍ നല്‍കുമെന്ന് സിദ്ധരാമയ്യ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com