ശ്രീഹരിക്കോട്ട: ഐ എസ് ആർ ഒയുടെ പിഎസ്എൽവി-സി62 വിക്ഷേപണത്തിന്റെ നിർണ്ണായക ഘട്ടമായ മൂന്നാം ഘട്ട ജ്വലനത്തിൽ സാങ്കേതിക തകരാർ. ഇക്കാര്യം ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു.(PSLV-C62 Mission in trouble?)
പിഎസ്എൽവി റോക്കറ്റിന്റെ മൂന്നാം ഘട്ടം തകരാറിലാകുന്നത് ഇത് തുടർച്ചയായ രണ്ടാം തവണയാണ് എന്നത് ശാസ്ത്രലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം മെയ് 18-ന് നടന്ന പിഎസ്എൽവി-സി61 വിക്ഷേപണവും സമാനമായ രീതിയിൽ മൂന്നാം ഘട്ടത്തിലെ തകരാർ മൂലമാണ് പരാജയപ്പെട്ടത്. വിക്ഷേപണത്തിന്റെ ഏത് ഘട്ടത്തിലാണ് പിഴവ് സംഭവിച്ചതെന്ന് കണ്ടെത്താൻ വിശദമായ പരിശോധനകൾ നടത്തിവരികയാണെന്ന് ചെയർമാൻ വ്യക്തമാക്കി.
ഡിആർഡിഒയുടെ അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ 'അന്വേഷ' ഉൾപ്പെടെ 16 ഉപഗ്രഹങ്ങളാണ് ഈ ദൗത്യത്തിലൂടെ വിക്ഷേപിച്ചിരുന്നത്. ഈ ഉപഗ്രഹങ്ങളെല്ലാം നഷ്ടമായതായാണ് സൂചന.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഇന്ന് രാവിലെ 10.17-നായിരുന്നു വിക്ഷേപണം നടന്നത്. ആദ്യ രണ്ട് ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയെങ്കിലും മൂന്നാം ഘട്ടത്തിൽ റോക്കറ്റ് നിയന്ത്രണം വിടുകയായിരുന്നു. അന്വേഷയ്ക്ക് പുറമെ വിദേശ രാജ്യങ്ങളിൽ നിന്നുള്ളതും ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടേതുമായ 15 ചെറു ഉപഗ്രഹങ്ങളും ഉണ്ടായിരുന്നു