ന്യൂഡൽഹി: ചൊവ്വാഴ്ച ഇസ്ലാമാബാദിലെ കോടതി വളപ്പിലുണ്ടായ ചാവേർ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടി.ടി.പി.) എന്നറിയപ്പെടുന്ന പാകിസ്ഥാൻ താലിബാൻ ഏറ്റെടുത്തു. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു.(Islamabad suicide bomber attack, Pakistani Taliban claims responsibility)
ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് ടി.ടി.പി. പുറത്തിറക്കിയ പ്രസ്താവനയിൽ അവകാശപ്പെട്ടു. പാകിസ്ഥാനിലെ 'അനിസ്ലാമിക നിയമങ്ങൾ' പ്രകാരം വിധികൾ നടപ്പിലാക്കുന്ന ജഡ്ജിമാർ, അഭിഭാഷകർ, ഉദ്യോഗസ്ഥർ എന്നിവരെയാണ് ലക്ഷ്യമിട്ടതെന്ന് പ്രസ്താവനയിൽ ടി.ടി.പി. വ്യക്തമാക്കി.
ചാവേർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ത്യക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. ഇസ്ലാമാബാദിലെ ചാവേർ ആക്രമണത്തിന് പിന്നിലും അഫ്ഗാനിസ്ഥാൻ അതിർത്തിക്കടുത്തുള്ള വാനയിലെ കാഡറ്റ് കോളേജിന് നേരെയുണ്ടായ മറ്റൊരു ആക്രമണത്തിന് പിന്നിലും ഇന്ത്യ സ്പോൺസർ ചെയ്യുന്ന തീവ്രവാദ പ്രോക്സികൾ ആണെന്നാണ് ഷെരീഫ് ആരോപിച്ചത്.
പാകിസ്ഥാനെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ഭരണകൂട പിന്തുണയുള്ള ഭീകരതയുടെ തുടർച്ചയാണ് ഈ ആക്രമണങ്ങളെന്നും ഷെരീഫിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. പാകിസ്ഥാന്റെ ആരോപണങ്ങൾ ഇന്ത്യ പൂർണ്ണമായും തള്ളി. അതേസമയം, ചാവേർ ബോംബാക്രമണം രാജ്യത്തിന് നൽകുന്ന മുന്നറിയിപ്പാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പ്രതികരിച്ചു.
"നമ്മൾ ഒരു യുദ്ധാവസ്ഥയിലാണ്. അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തി മേഖലയിലും ബലൂചിസ്ഥാനിലെ വിദൂര പ്രദേശങ്ങളിലുമാണ് പാകിസ്ഥാൻ സൈന്യം യുദ്ധം നടത്തുന്നതെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, ഇസ്ലാമാബാദ് ജില്ലാ കോടതികളിൽ ഇന്ന് നടന്ന ചാവേർ ആക്രമണം ഒരു മുന്നറിയിപ്പ് സന്ദേശമാണ്," അദ്ദേഹം പറഞ്ഞു.