ഡൽഹി : രാജ്യതലസ്ഥാനത്ത് ദീപാവലി ആഘോഷത്തിനിടയിൽ നടത്താൻ പദ്ധതിയിട്ട ഐ.എസ്.ഐ.എസ് ഭീകരർ ഡൽഹി പോലീസ് പിടിയിൽ. തെക്കൻ ഡൽഹിയിലെ തിരക്കേറിയ സ്ഥലങ്ങളിൽ സ്ഫോടനം നടത്താൻ തയ്യാറെടുക്കുകയായിരുന്ന ഭീകരരെ പോലീസ് അറസ്റ്റ് ചെയ്‌തത്.
പിടിയിലായ രണ്ടുപേരുടെയും പേര് അദ്നാൻ എന്നാണ്. ഡൽഹിയിലും ഭോപ്പാലിലും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരിൽ ഒരാൾ ഡൽഹിയിലെ സാദിഖ് നഗർ സ്വദേശിയും മറ്റൊരാൾ മധ്യപ്രദേശിലെ ഭോപ്പാൽ സ്വദേശിയുമാണ്.
ഡൽഹിയിൽ നടക്കാനിരുന്ന ഒരു ഭീകരാക്രമണം ഒഴിവാക്കാൻ സാധിച്ചതായി സ്പെഷ്യൽ സെൽ അഡീഷണൽ പോലീസ് കമ്മീഷണർ പ്രമോദ് കുശ്വാഹ വ്യക്തമാക്കി. ഐഎസ്‌ഐഎസിനോട് ആഭിമുഖ്യം പ്രഖ്യാപിക്കുന്ന പ്രതികളുടെ വീഡിയോയും ഡൽഹിയിൽ ആക്രമണം നടത്താൻ സാധ്യതയുള്ള സ്ഥലങ്ങളുടെ ഫോട്ടോകളും പോലീസ് കണ്ടെടുത്തു. സ്ഫോടക വസ്തുവിനുള്ള താൽക്കാലിക ടൈമറായി ഉപയോഗിക്കുന്ന ഒരു വാച്ചും പിടിച്ചെടുത്തു.
ഡൽഹി സ്വദേശിയായ പ്രതിയെ ഒക്ടോബർ 16 ന് സാദിഖ് നഗറിൽ നിന്നാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടാമത്തെ അദ്നാനെ ഭോപ്പാലിൽ നിന്ന് അറസ്റ്റ് ചെയ്തു. പ്രതികൾക്ക് പാകിസ്താൻ്റെ ഇൻ്റർ-സർവീസസ് ഇൻ്റലിജൻസുമായി (ഐഎസ്ഐ) ബന്ധമുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ പരിശോധിക്കുകയാണ്.