ചെന്നൈ: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങളുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സാധാരണയായി ചെന്നൈ കേന്ദ്രീകരിച്ച് നടക്കാറുള്ള ഡി.എം.കെ.യുടെ ക്രിസ്‌മസ് ആഘോഷങ്ങൾ ഇത്തവണ ക്രിസ്ത്യൻ ജനസംഖ്യ കൂടുതലുള്ള ദക്ഷിണ തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലേക്ക് മാറ്റിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. നടൻ വിജയിന്റെ രാഷ്ട്രീയ പാർട്ടിയായ ടി.വി.കെ ഉയർത്തുന്ന ഭീഷണി നേരിടുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റമെന്നാണ് വിലയിരുത്തൽ.(Is Stalin's move targeting the Christian vote bank a threat to Vijay's TVK?)
തിരുനെൽവേലിയിൽ നടന്ന 'മാനിതനേയ മഗത്വ ക്രിസ്‌മസ്' ആഘോഷത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി ക്രൈസ്തവ സമൂഹത്തിന്റെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങൾ നടത്തി. എയ്ഡഡ് കോളേജുകളിലെ നിയമന സമിതികളിൽ നിന്ന് സർവകലാശാലാ പ്രതിനിധികളെ ഒഴിവാക്കി മാനേജ്‌മെന്റുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകി.
വിശുദ്ധ നാട് തീർത്ഥാടനത്തിനുള്ള സർക്കാർ ധനസഹായം വർദ്ധിപ്പിച്ചു. പുരാതന പള്ളികളുടെ അറ്റകുറ്റപ്പണികൾക്കായി പ്രത്യേക ഗ്രാന്റ് അനുവദിച്ചു. സെമിത്തേരികൾക്കായി പുതിയ ഭൂമി അനുവദിക്കണമെന്ന ആവശ്യത്തിൽ അനുകൂലമായ നടപടികൾ സ്വീകരിച്ചു.
ചടങ്ങിൽ ബി.ജെ.പി.ക്കെതിരെ കടുത്ത ഭാഷയിലാണ് സ്റ്റാലിൻ പ്രതികരിച്ചത്. "ഭരണഘടനാ മൂല്യങ്ങളെ കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തുകയാണ്. ഒരു മതം, ഒരു ഭാഷ, ഒരു സംസ്‌കാരം എന്ന നയം അടിച്ചേൽപ്പിക്കാനാണ് അവരുടെ ശ്രമം. സി.എ.എ. പോലുള്ള നിയമങ്ങളെ ഡി.എം.കെ. ശക്തമായി എതിർത്തപ്പോൾ അണ്ണാ ഡി.എം.കെ.യും ബി.ജെ.പി.യും അതിനെ പിന്തുണയ്ക്കുകയായിരുന്നു," സ്റ്റാലിൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെ ബി.ജെ.പി. നേതാവ് തമിഴിസൈ സൗന്ദരരാജൻ രംഗത്തെത്തി. മുഖ്യമന്ത്രി വോട്ട് ബാങ്കിനായി ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ബി.ജെ.പി.ക്കെതിരെ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.