'കഴുകിയത് ആക്രിയായി വിൽക്കാൻ': ട്രെയിനിൽ ഫുഡ് കണ്ടെയ്‌നറുകൾ കഴുകിയ സംഭവത്തിൽ ആരോപണങ്ങൾ നിഷേധിച്ച് IRCTC | Train

വിറ്റുപോകാത്ത ഫുഡ് കണ്ടെയ്‌നറുകൾ ആക്രിയായി വിൽക്കാനാണ് ജീവനക്കാരൻ കഴുകിയത് എന്നാണ് വിശദീകരണം
IRCTC denies allegations of washing food containers on train
Published on

ന്യൂഡൽഹി: അമൃത് ഭാരത് എക്സ്പ്രസിൽ ഉപയോഗിച്ച ഫുഡ് കണ്ടെയ്‌നറുകൾ കഴുകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ, ആരോപണങ്ങൾ നിഷേധിച്ച് ഐ.ആർ.സി.ടി.സി. രംഗത്തെത്തി. ഉപയോഗിച്ച കണ്ടെയ്‌നറുകൾ വീണ്ടും ഉപയോഗിക്കാനായി കഴുകുന്നു എന്ന ആരോപണമാണ് വീഡിയോ പുറത്തുവന്നതോടെ ഉയർന്നത്. എന്നാൽ, ഇത് തെറ്റായ പ്രചാരണമാണെന്ന് ഐ.ആർ.സി.ടി.സി. വ്യക്തമാക്കി.(IRCTC denies allegations of washing food containers on train)

വിറ്റുപോകാത്ത ഫുഡ് കണ്ടെയ്‌നറുകൾ ആക്രിയായി വിൽക്കാനാണ് ജീവനക്കാരൻ കഴുകിയത് എന്ന് കാറ്ററിംഗ് കമ്പനിയായ എക്സ്പ്രസ് ഫുഡ് സർവീസസ് അധികൃതർ ഐ.ആർ.സി.ടി.സിക്ക് വിശദീകരണം നൽകി. കമ്പനിയുടെ അനുമതിയില്ലാതെയാണ് ജീവനക്കാരൻ ഈ പ്രവൃത്തി ചെയ്തതെന്നും, ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും കമ്പനി അറിയിച്ചു.

ജീവനക്കാർക്ക് ചെറിയ തുക ലഭിക്കുന്നതിനായി അവർ സ്വന്തം നിലയിലാണ് ഇത് ചെയ്തതെന്നും, സ്റ്റേഷനിലെത്തുന്ന ആക്രി ശേഖരിക്കുന്നവർക്ക് വിൽക്കാനായാണ് കഴുകി വൃത്തിയാക്കി സൂക്ഷിച്ചതെന്നുമാണ് വിശദീകരണം. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്നവയാണ് ഈ ഫുഡ് കണ്ടെയ്‌നറുകളെന്നും, അവ വീണ്ടും ഉപയോഗിക്കാൻ വേണ്ടിയല്ല കഴുകിയതെന്നും ഐ.ആർ.സി.ടി.സി. വ്യക്തമാക്കി.

പാൻട്രി കാർ മാനേജരുടെയോ എക്സ്പ്രസ് ഫുഡ് സർവീസ് മാനേജ്‌മെന്റിന്റെയോ അറിവില്ലാതെയാണ് പാത്രങ്ങൾ ഇത്തരത്തിൽ വിറ്റതെന്നും റെയിൽവേ കൂട്ടിച്ചേർത്തു. എക്സ്പ്രസ് ഫുഡ് സർവീസ് എന്ന സ്ഥാപനത്തിൻ്റെ വിശദീകരണം ശരിയാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി റെയിൽവേ അറിയിച്ചു. കമ്പനിയുടെ വിശദീകരണക്കുറിപ്പ് സഹിതം ഐ.ആർ.സി.ടി.സി. എക്‌സിൽ (മുമ്പ് ട്വിറ്റർ) പങ്കുവെക്കുകയും തെറ്റായ പ്രചാരണം നടത്തരുതെന്ന് അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com