ന്യൂഡൽഹി: ആഭ്യന്തര പ്രക്ഷോഭം രൂക്ഷമായ ഇറാനിൽ നിന്നും ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികൾക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചു. മടങ്ങാൻ താല്പര്യമുള്ളവരുടെ ആദ്യ പട്ടിക ഇന്ത്യൻ എംബസി തയ്യാറാക്കി. പട്ടികയിൽ ഉൾപ്പെട്ടവർ യാത്രയ്ക്കായി തയ്യാറായിരിക്കണമെന്ന് എംബസി നിർദ്ദേശം നൽകി.(Iran protests, First evacuation list of Indians ready)
ഇറാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് അവിടെ ജോലി ചെയ്യുന്നവരോടും വിദ്യാർത്ഥികളോടും എത്രയും വേഗം മടങ്ങാനാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ടെഹ്‌റാൻ, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾ ആശങ്കയിലാണ്. തീർത്ഥാടനത്തിനായി എത്തിയ നിരവധി ഇന്ത്യക്കാരും നിലവിൽ ഇറാനിലുണ്ട്.
ആകെ പതിനായിരത്തോളം ഇന്ത്യൻ പൗരന്മാർ ഇറാനിലുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിഗമനം. അടിയന്തര സാഹചര്യങ്ങളിൽ പൗരന്മാർക്ക് ബന്ധപ്പെടാനായി ഹെൽപ്പ് ലൈൻ നമ്പറുകളും ഇമെയിൽ വിലാസവും എംബസി നൽകിയിട്ടുണ്ട്:
ഫോൺ: +989128109115, +989128109109, +989128109102, +989932179359.
ഇമെയിൽ: cons.tehran@mea.gov.in
അമേരിക്കൻ സൈനിക നടപടിയുണ്ടായാൽ അയൽരാജ്യങ്ങളിലെ യുഎസ് താവളങ്ങൾ ആക്രമിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പ് പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയിരുന്നു. ഇതിനെത്തുടർന്ന് സൗദി അറേബ്യ, ഈജിപ്ത്, ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളും ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവും അമേരിക്കയോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടു. ഈ നയതന്ത്ര സമ്മർദ്ദത്തെത്തുടർന്ന് നിലവിൽ യുഎസ് നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. ഇത് ഒഴിപ്പിക്കൽ നടപടികൾക്ക് കൂടുതൽ സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്. വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികൾ വീണ്ടും വിലയിരുത്തിയ ശേഷം വിമാനങ്ങളുടെ സമയക്രമം ഔദ്യോഗികമായി പ്രഖ്യാപിക്കും.