ഇറാനിലെ സംഘർഷം: വ്യോമപാത അടച്ചു, വിമാന സർവീസുകൾക്ക് നിയന്ത്രണവുമായി എയർ ഇന്ത്യ; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം | Iran conflict

വ്യോമാതിര്‍ത്തി അടച്ച് ഇറാന്‍
Iran conflict, Air India's restrictions for flights
Updated on

ന്യൂഡൽഹി: ഇറാനിൽ ആഭ്യന്തര സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ വിമാനയാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എയർ ഇന്ത്യ. ഇറാൻ വ്യോമപാത ഭാഗികമായി അടച്ചതിനെത്തുടർന്ന് സർവീസുകളിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതായി എയർ ഇന്ത്യ അറിയിച്ചു.(Iran conflict, Air India's restrictions for flights)

ഇറാൻ വ്യോമമേഖല ഒഴിവാക്കി മറ്റ് പാതകളിലൂടെയാണ് നിലവിൽ വിമാനങ്ങൾ സർവീസ് നടത്തുന്നത്. ഇതുമൂലം വിമാനങ്ങൾ ലക്ഷ്യസ്ഥാനത്തെത്താൻ നിശ്ചയിച്ച സമയത്തേക്കാൾ വൈകാൻ സാധ്യതയുണ്ട്. റൂട്ട് മാറ്റാൻ സാധിക്കാത്ത വിമാന സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.

വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് യാത്രക്കാർ എയർ ഇന്ത്യയുടെ വെബ്‌സൈറ്റോ ആപ്പോ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് സർവീസ് ഉറപ്പുവരുത്തണം. അമേരിക്കൻ ആക്രമണ സാധ്യതയും ആഭ്യന്തര പ്രക്ഷോഭങ്ങളും കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാനങ്ങൾ ഒഴികെയുള്ള എല്ലാ സർവീസുകൾക്കും ഇറാൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. രാജ്യം ആക്രമിക്കപ്പെട്ടാൽ ശക്തമായി പ്രതിരോധിക്കുമെന്ന് ഇറാൻ പ്രതിരോധ മന്ത്രി അസീസ് നസീർസാദെ വ്യക്തമാക്കി.

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘച്ചിയും ഫോണിൽ ചർച്ച നടത്തി. ഇറാനിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും ഇന്ത്യക്കാരുടെ സുരക്ഷയും ചർച്ചയായി. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് ലഭ്യമായ മാർഗങ്ങളിലൂടെ എത്രയും വേഗം രാജ്യം വിടാൻ ഇന്ത്യൻ എംബസി നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം 19-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇന്റർനെറ്റ് നിരോധനം എട്ടാം ദിവസവും തുടരുകയാണ്. കൊല്ലപ്പെട്ടവരുടെ എണ്ണത്തിൽ വലിയ അവ്യക്തത തുടരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 3,428 പേർ കൊല്ലപ്പെട്ടപ്പോൾ, ലണ്ടൻ ആസ്ഥാനമായുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് മരണസംഖ്യ 12,000 കടന്നതായാണ്.

Related Stories

No stories found.
Times Kerala
timeskerala.com