ന്യൂഡൽഹി: ഇറാനിലെ ആഭ്യന്തര സംഘർഷം രൂക്ഷമായതോടെ വ്യോമപാത അടച്ച സാഹചര്യം കണക്കിലെടുത്ത് എയർ ഇന്ത്യ തങ്ങളുടെ വിമാന സർവീസുകൾ പുനഃക്രമീകരിച്ചു. അമേരിക്കയിലേക്കുള്ള മൂന്ന് പ്രധാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. ഇറാൻ വഴിയുള്ള യാത്ര ഒഴിവാക്കി വിമാനങ്ങൾ ദീർഘദൂര പാതകളിലൂടെ തിരിച്ചുവിടുന്നത് പ്രായോഗികമല്ലാത്തതിനാലാണ് ഈ തീരുമാനം.(Iran conflict, Air India cancels 3 flights to US as airspace closed)
ദീർഘദൂര സർവീസുകളെ പുതിയ സാഹചര്യം കാര്യമായി ബാധിക്കും. യാത്രാസമയം ക്രമാതീതമായി വർദ്ധിക്കുന്നത് കണക്കിലെടുത്താണ് അമേരിക്കൻ വിമാനങ്ങൾ റദ്ദാക്കിയത്. യൂറോപ്പിലേക്കുള്ള വിമാനങ്ങൾ മറ്റ് സുരക്ഷിത പാതകളിലൂടെ തിരിച്ചുവിടുന്നതിനാൽ സമയം വൈകാൻ സാധ്യതയുണ്ടെന്ന് എയർ ഇന്ത്യ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.
യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അന്താരാഷ്ട്ര സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. പ്രക്ഷോഭം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാനിലെ ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കാൻ വിദേശകാര്യ മന്ത്രാലയം തയ്യാറെടുപ്പുകൾ തുടങ്ങി.