

മുംബൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR) ടീമുടമയും ബോളിവുഡ് സൂപ്പർതാരവുമായ ഷാരുഖ് ഖാനെതിരെ വിദ്വേഷ പരാമർശവുമായി ഹിന്ദു മഹാസഭ നേതാവ് മീര റാത്തോഡ് (IPL 2026 Controversy). ഷാരുഖ് ഖാന്റെ നാക്ക് അരിയുന്നവർക്ക് ഒരു ലക്ഷം രൂപ പ്രതിഫലം നൽകുമെന്നാണ് അഖില ഭാരത ഹിന്ദു മഹാസഭയുടെ ആഗ്രാ ജില്ലാ പ്രസിഡന്റായ മീര റാത്തോഡ് പ്രഖ്യാപിച്ചത്. മഥുരയിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അവർ ഈ വിവാദ പ്രസ്താവന നടത്തിയത്.
അടുത്തിടെ നടന്ന ഐപിഎൽ ലേലത്തിൽ ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ 9.2 കോടി രൂപയ്ക്ക് കെകെആർ സ്വന്തമാക്കിയിരുന്നു. ഇതാണ് നിലവിലെ പ്രകോപനത്തിന് കാരണം. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ അതിക്രമങ്ങൾ നടക്കുമ്പോൾ അവിടുത്തെ കളിക്കാരെ ടീമിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹിന്ദു സംഘടനകൾ ആരോപിക്കുന്നു. ഷാരുഖ് ഖാന്റെ പോസ്റ്ററുകൾ മീര റാത്തോഡ് ചെരുപ്പുകൊണ്ട് അടിക്കുകയും പരസ്യമായി കത്തിക്കുകയും ചെയ്തു. ബിജെപി നേതാവ് സംഗീത് സോം ഉൾപ്പെടെയുള്ളവരും ഷാരുഖ് ഖാനെതിരെ 'രാജദ്രോഹി' പരാമർശവുമായി നേരത്തെ രംഗത്തെത്തിയിരുന്നു.
അതേസമയം, കായികരംഗത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതികരിച്ചു. ബിസിസിഐയുടെ അനുമതിയോടെയാണ് വിദേശ താരങ്ങളെ ലേലത്തിൽ ഉൾപ്പെടുത്തുന്നതെന്നും ഇതിൽ ഷാരുഖ് ഖാനെ മാത്രം ലക്ഷ്യം വയ്ക്കുന്നത് ശരിയല്ലെന്നും മുസ്ലിം സംഘടനകളും ചൂണ്ടിക്കാട്ടി. ഭീഷണിയുടെ പശ്ചാത്തലത്തിൽ ഷാരുഖ് ഖാന്റെ സുരക്ഷ വർദ്ധിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Meera Rathore, a district president of the All India Hindu Mahasabha in Agra, has sparked a major controversy by announcing a reward of Rs 1 lakh for anyone who brings the tongue of Bollywood superstar Shah Rukh Khan. The threat stems from anger over Khan’s IPL team, Kolkata Knight Riders (KKR), purchasing Bangladeshi cricketer Mustafizur Rahman for Rs 9.2 crore amidst reports of violence against Hindus in Bangladesh. While several Hindu groups and BJP leaders like Sangeet Som have labeled the actor a "traitor," opposition parties and many public figures have condemned the inflammatory remarks as an attack on India's pluralism.