'പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി' എന്ന് അമ്മമാരെ വിളിക്കുന്നത് വെറുതെയല്ല, പല കാര്യത്തിലും അവരെ വിശ്വസിപ്പിക്കാനോ, അവരെ തൃപ്തിപ്പെടുത്താനോ ഒക്കെ നല്ല പ്രയാസം തന്നെയാണ്. അങ്ങനെയുള്ള രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് 'ദി.ലേസി ബ്ലോഗർ' എന്ന യൂസറാണ്. മകൾ അമ്മയ്ക്ക് തന്റെ ലക്ഷ്വറി ബാഗ് പരിചയപ്പെടുത്തുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുക. എന്നാൽ, അമ്മയുടെ രസകരമായ മറുപടിയാണ് ആളുകളിൽ ചിരിയുണർത്തുന്നത്. (Luxury Bag)
തന്റെ ബാഗ് അമ്മയുടെ കയ്യിൽ കൊടുത്ത ശേഷം അതിന്റെ പ്രതികരണത്തിന് കാത്തുനിൽക്കുകയാണ് മകൾ. എന്നാൽ, ബാഗ് പ്രശസ്തമാണ് എന്ന് പറയുമ്പോഴും അതിനോട് പോയി പണി നോക്കാൻ പറയ് എന്നാണ് അമ്മയുടെ മട്ട്. ആകെ പരിഭ്രാന്തയായ മകൾ അമ്മയോട്, തന്റെ ബാഗൊന്ന് മൃദുവായി പിടിക്കുകയെങ്കിലും ചെയ്യ് എന്നൊക്കെ പറയുന്നുണ്ട്. എന്നാൽ, അമ്മയെ അതൊന്നും സ്പർശിച്ചതേയില്ല. മകൾ വാങ്ങിയ ഈ ബാഗ് എത്ര തന്നെ ലക്ഷ്വറി ബ്രാൻഡാണെങ്കിലും അതൊന്നും അമ്മയ്ക്ക് അത്ര വലിയ കാര്യമായി തോന്നിയിട്ടില്ല എന്ന് അർത്ഥം. മാത്രമല്ല, അതിനും മാത്രം എന്താണ് ഈ ബാഗിന് ഇത്ര വലിയ പ്രത്യേകത എന്നതാണ് അമ്മയുടെ ഭാവം. ഒപ്പം തന്നെ, മാർക്കറ്റിൽ ഇതിനേക്കാൾ നല്ല ബാഗുകൾ കിട്ടുമല്ലോ എന്നും അമ്മ പറയുന്നുണ്ട്.
മകൾ അമ്മയോട് ആ ബാഗിന്റെ പ്രത്യേകതകളെല്ലാം പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഇത് ഫ്രഞ്ച് ബ്രാൻഡാണ് എന്നെല്ലാം മകൾ പറയുന്നത് കേൾക്കാം. എന്നാൽ, അമ്മയ്ക്ക് അതിലൊന്നും ഒരു താല്പര്യവും ഇല്ല. സാധാരണ പല അമ്മമാരെയും പോലെ ഇത്രയും പണം കൊടുത്ത് എന്തിനാണ് അത്ര 'ഭംഗിയൊന്നും ഇല്ലാത്ത' ഈ ബാഗ് വാങ്ങിയത് എന്നുള്ള മട്ടാണ് അമ്മയ്ക്ക്. 'നിന്റെ ഫ്രഞ്ച് കമ്പനിയോട് നരകത്തിൽ പോകാൻ പറയ്' എന്നും അമ്മ പറയുന്നത് വീഡിയോയിൽ കേൾക്കാം.
എന്തായാലും, വളരെ പെട്ടെന്നാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. രസകരമായ അനേകം കമന്റുകളും വീഡിയോയ്ക്ക് വന്നു.