ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിൽ നിർണ്ണായക നീക്കവുമായി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്. തന്നെ ഇനിയൊരിക്കൽ കൂടി ചോദ്യം ചെയ്യുകയാണെങ്കിൽ അത് തമിഴ്‌നാട്ടിൽ വെച്ചാകണമെന്ന് ആവശ്യപ്പെട്ട് വിജയ് സിബിഐക്ക് കത്തുനൽകി.(Interrogation should be done in Tamil Nadu, Vijay writes to CBI)
നിയമം അനുസരിക്കുന്ന പൗരൻ എന്ന നിലയിൽ അന്വേഷണവുമായി ഇതുവരെ പൂർണ്ണമായി സഹകരിച്ചിട്ടുണ്ടെന്നും കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പാർട്ടി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തനിക്ക് തിരക്കുകളുണ്ടെന്ന് വിജയ് കത്തിൽ വ്യക്തമാക്കി.
കത്തിന്റെ പകർപ്പ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതി അധ്യക്ഷനും കൈമാറിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് തവണയാണ് വിജയ് സിബിഐക്ക് മുന്നിൽ ഹാജരായത്. കഴിഞ്ഞ ദിവസം ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യൽ ഏഴ് മണിക്കൂർ നീണ്ടുനിന്നു.

