

ചെന്നൈ: കള്ളക്കുറിച്ചിയിൽ ഇതര ജാതിയിൽപ്പെട്ട മകന്റെ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മായിയമ്മ അറസ്റ്റിൽ. ശങ്കരാപുരം വിരിയൂർ ഗ്രാമത്തിലെ മരിയ റൊസാരിയോയുടെ ഭാര്യ നന്ദിനി (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരിയ റൊസാരിയോയുടെ അമ്മ മേരിയെ (55) പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ രണ്ട് ബന്ധുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.(Inter-caste marriage, Woman arrested for murder of son's wife by slitting her throat and burying her)
ആദ്യ ഭർത്താവ് മരിച്ചതിനെത്തുടർന്ന് എട്ട് വർഷം മുൻപാണ് നന്ദിനിയും മരിയ റൊസാരിയോയും വിവാഹിതരായത്. ഇവർക്ക് അഞ്ച് വയസ്സുള്ള ഒരു കുട്ടിയുണ്ട്. വ്യത്യസ്ത ജാതിയിൽപ്പെട്ട നന്ദിനിയുമായുള്ള വിവാഹത്തിൽ മേരിക്ക് താൽപ്പര്യമില്ലായിരുന്നുവെന്നും ഇവരുടെ കുടുംബജീവിതത്തിൽ ഇവർ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായും പോലീസ് പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ച ഒരു മതപരമായ ചടങ്ങിനെന്ന് വിശ്വസിപ്പിച്ച് മേരി നന്ദിനിയെ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞിട്ടും ഇവർ തിരിച്ചെത്താത്തതിനെ തുടർന്ന് മരിയ റൊസാരിയോ ശങ്കരാപുരം പോലീസിൽ പരാതി നൽകി. നന്ദിനിയുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മേരിയെ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
പുഴക്കരയിൽ എത്തിച്ച് നന്ദിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. മൃതദേഹം പുഴക്കരയിൽ തന്നെ കുഴിച്ചുമൂടി. മേരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഫോറൻസിക്-റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെടുത്തു.