ഹാപ്പൂർ: ഉത്തർപ്രദേശിലെ ഹാപ്പൂർ ജില്ലയിലെ ഗാർഹ്മുക്തേശ്വർ ഗംഗാഘട്ടിൽ ഒരു മരണാനന്തര ചടങ്ങിനിടെ അരങ്ങേറിയത് ഞെട്ടിക്കുന്ന നാടകീയ രംഗങ്ങൾ. ദഹിപ്പിക്കാനായി കൊണ്ടുവന്നത് മനുഷ്യശരീരമല്ല, തുണിയിൽ പൊതിഞ്ഞ ഒരു പ്ലാസ്റ്റിക് ഡമ്മിയാണെന്ന് നാട്ടുകാർ കണ്ടെത്തിയതോടെ വൻ കോലാഹലമുണ്ടായി. ഇൻഷുറൻസ് തട്ടിപ്പിനായി നടത്തിയ ഗൂഢശ്രമമാണ് ഇതോടെ പൊളിഞ്ഞത്.(Insurance fraud, a plastic dummy was set to burn instead of human dead body )
സംഭവവുമായി ബന്ധപ്പെട്ട് വ്യാജ ശവസംസ്കാരം നടത്താൻ ശ്രമിച്ച രണ്ട് പേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മറ്റ് രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ബുധനാഴ്ചയാണ് സംഭവം. ഹരിയാന രജിസ്ട്രേഷനുള്ള ഒരു ഐ20 കാറിലെത്തിയ നാല് പേരാണ് മൃതദേഹമെന്ന പേരിൽ തുണിയിൽ പൊതിഞ്ഞ പാക്കറ്റ് ഘാട്ടിൽ എത്തിച്ചത്. സാധാരണ മരണാനന്തര ആചാരങ്ങളും നടപടികളും പൂർണ്ണമായും ഒഴിവാക്കി ഇവർ തിടുക്കത്തിൽ ചിതയിലേക്ക് പോകാൻ ശ്രമിച്ചത് ദൃക്‌സാക്ഷികളായ നാട്ടുകാരിൽ സംശയമുണ്ടാക്കി.
"അവരുടെ തിടുക്കം കണ്ടപ്പോൾ, ഞങ്ങൾക്ക് സംശയം തോന്നി. തുണി ഉയർത്തി നോക്കിയപ്പോൾ, സീൽ ചെയ്ത്, മനുഷ്യശരീരം പോലെ തോന്നിപ്പിക്കാനായി നിറച്ചുവെച്ച ഒരു പ്ലാസ്റ്റിക് ഡമ്മി കണ്ടു," ദൃക്‌സാക്ഷിയായ വിശാൽ പറഞ്ഞു. ഇതൊരു ഇൻഷുറൻസ് തട്ടിപ്പ് പോലുള്ള ആസൂത്രിത കുറ്റകൃത്യമാണെന്ന് മനസ്സിലാക്കിയതോടെ ആളുകൾ തടിച്ചുകൂടി. ഉടൻ തന്നെ രണ്ട് പേരെ പിടികൂടുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.
പോലീസ് സ്ഥലത്തെത്തിയപ്പോൾ, ഡൽഹിയിലെ ഒരു ആശുപത്രി മൃതദേഹത്തിന് പകരം ഡമ്മി പോലുള്ള ഒരു പാക്കറ്റ് അബദ്ധവശാൽ കൈമാറിയെന്ന വിചിത്രമായ കഥയാണ് പ്രതികൾ ആദ്യം മെനഞ്ഞത്. എന്നാൽ പോലീസ് ചോദ്യം ചെയ്യലിൽ അവരുടെ മൊഴികളിലെ വൈരുദ്ധ്യങ്ങൾ വർദ്ധിച്ചു. പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെ തങ്ങളുടെ പദ്ധതി തകർന്നുവെന്ന് മനസ്സിലാക്കി ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.
പ്രതികളായ കമൽ സോമാനി, സുഹൃത്ത് ആശിഷ് ഖുറാന എന്നിവരാണ് കുറ്റം സമ്മതിച്ചത്. 50 ലക്ഷം രൂപയിലധികം കടബാധ്യതയുള്ള കമൽ, ഇത് ഒഴിവാക്കാനാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഇയാൾ തന്റെ മുൻ ജീവനക്കാരനായ അൻഷുൽ കുമാറിന്റെ ആധാർ, പാൻ കാർഡുകൾ അൻഷുലിന്റെ അറിവില്ലാതെ ഉപയോഗിച്ചു. ഒരു വർഷം മുമ്പ് അൻഷുലിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കുകയും പ്രീമിയം കൃത്യമായി അടയ്ക്കുകയും ചെയ്തിരുന്നു.
മൃതദേഹം എന്ന വ്യാജേന ഡമ്മി കൊണ്ടുവന്ന് ശവസംസ്കാരം നടത്തി ഒരു വ്യാജ മരണ സർട്ടിഫിക്കറ്റ് നേടുക, തുടർന്ന് ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്ത് പണം കൈക്കലാക്കുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യം. പ്ലാസ്റ്റിക് ഡമ്മി കണ്ടെത്താനായില്ലായിരുന്നെങ്കിൽ പദ്ധതി വിജയിച്ചേനെ. സംശയങ്ങൾ പൂർണ്ണമായും നീക്കാനായി പോലീസ് യഥാർത്ഥ ഇൻഷുറൻസ് ഉടമയായ അൻഷുലിനെ ബന്ധപ്പെട്ടു. അൻഷുൽ താൻ പ്രയാഗ്‌രാജിലെ വീട്ടിൽ സുഖമായിരിക്കുന്നുവെന്നും തന്റെ പേരിൽ ഇൻഷുറൻസ് പോളിസി എടുത്തതിനെക്കുറിച്ച് യാതൊരു അറിവുമില്ലെന്നും പോലീസിനോട് സ്ഥിരീകരിച്ചു.
ഇതോടെ കമൽ സോമാനിയെയും ആശിഷ് ഖുറാനയെയും പോലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഐ20 കാറും പിടിച്ചെടുത്തു. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട മറ്റ് രണ്ട് പ്രതികൾക്കുവേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി.