ന്യൂഡൽഹി: അനുവദനീയമായ റൂട്ട് ലംഘിച്ചുവെന്ന സാങ്കേതിക കാരണത്താൽ മാത്രം വാഹന ഇൻഷുറൻസ് തുക നിഷേധിക്കാനാവില്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ഇത്തരം കാരണങ്ങൾ പറഞ്ഞ് ഇൻഷുറൻസ് തുക നിഷേധിക്കുന്നത് നീതിബോധത്തിനെതിരാണെന്നും, മോട്ടോർ വാഹന ഇൻഷുറൻസിന്റെ സാമൂഹികലക്ഷ്യം ഇല്ലാതാക്കരുതെന്നും കോടതി വ്യക്തമാക്കി.(Insurance amount cannot be denied even if route is violated, says Supreme Court)
ജസ്റ്റിസ് സഞ്ജയ് കരോൾ അധ്യക്ഷനായ ബെഞ്ചാണ് കർണാടകയിൽ നിന്നുള്ള ഒരു കേസിൽ ഈ നിരീക്ഷണം നടത്തിയത്.
അനുവദനീയമായ റൂട്ടിൽനിന്ന് മാറി ഓടിയ ബസ്സിടിച്ചാണ് 2014-ൽ അപകടമുണ്ടായത്. ഈ അപകടത്തിൽ ബസ്സിടിച്ച് മരിച്ച ബൈക്ക് യാത്രികന് ഇൻഷുറൻസ് കമ്പനി പണം നൽകണമെന്നും, പിന്നീട് ആ തുക ബസ്സുടമയിൽനിന്ന് ഈടാക്കാമെന്നുമാണ് കർണാടക ഹൈക്കോടതി വിധിച്ചത്.
ഇതിനെതിരെ ന്യൂ ഇന്ത്യാ ഇൻഷുറൻസ് കമ്പനിയും ബസ്സുടമ കെ. നാഗേന്ദ്രയും നൽകിയ അപ്പീലുകളാണ് സുപ്രീം കോടതി തള്ളിയത്. വാഹനം റൂട്ട് ലംഘിച്ചതിനാൽ നഷ്ടപരിഹാരം നൽകാൻ തങ്ങൾക്ക് ബാധ്യതയില്ലെന്ന ഇൻഷുറൻസ് കമ്പനിയുടെ വാദം സുപ്രീം കോടതി തള്ളി.
അപകടങ്ങളുണ്ടാകുമ്പോൾ ഉണ്ടാകുന്ന നേരിട്ടുള്ള ബാധ്യതയിൽനിന്ന് വാഹനയുടമയെ സംരക്ഷിക്കാനാണ് ഇൻഷുറൻസ് പോളിസി. റൂട്ട് ലംഘിച്ചുവെന്ന പോലുള്ള സാങ്കേതിക കാരണങ്ങളാൽ അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാതിരിക്കുന്നത് കുറ്റകരമായ അനീതിയാണെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ, റൂട്ട് ലംഘനത്തിന്റെ പേരിൽ മാത്രം തേർഡ് പാർട്ടി ഇൻഷുറൻസ് ക്ലെയിമുകൾ തള്ളിക്കളയുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് വ്യക്തമായി.