
ചണ്ഡീഗഢ് : പഞ്ചാബില്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഇൻഫ്ലുവന്‍സറായ യുവതിയുടെ മരണത്തിൽ ദുരൂഹതയേറുന്നു.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പല ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സാമൂഹികമാധ്യമങ്ങളില്‍ 'കമല്‍ കൗര്‍ ഭാഭി' എന്ന പേരില്‍ അറിയപ്പെടുന്ന കഞ്ചന്‍ കുമാരി (27) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
ജൂൺ 11-ാം തീയതി ഭട്ടിന്‍ഡയിലെ അദേഷ് യുണിവേഴ്‌സിറ്റിക്കരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറിലാണ് കഞ്ചന്‍ കുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. കാറില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ജൂണ്‍ 13-ന് പോലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ കേസിലെ മുഖ്യപ്രതിയായ നിഹാംഗ് അമൃത്പാല്‍ സിങ് മെഹ്‌റോണ്‍ യുഎഇയിലേക്ക് രക്ഷപ്പെട്ടിരുന്നു.
ഭട്ടിന്‍ഡയിലെ സിവില്‍ ആശുപത്രിയിലാണ് യുവതിയുടെ പോസ്റ്റുമോര്‍ട്ടം നടന്നത്. കഴുത്ത് ഞെരിഞ്ഞ് ശ്വാസംമുട്ടിയാണ് യുവതി കൊല്ലപ്പെട്ടിരിക്കുന്നത് എന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തൽ. യുവതിയുടെ തുടകളിലും സ്വകാര്യഭാഗങ്ങളിലും അസാധാരണമായ പാടുകളും മുറിവുകളും കണ്ടെത്തിയിരുന്നു.
അതേസമയം, കഞ്ചന്‍ പീഡനത്തിന് ഇരയായിരുന്നോ എന്നത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ പരിശോധനയ്ക്കായി യുവതിയുടെ ആന്തരികാവയവങ്ങളും സ്വകാര്യഭാഗങ്ങളിലെ ശ്രവങ്ങളും ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലംകൂടി വന്നശേഷമേ കഞ്ചന്‍ ബലാത്സംഗം ചെയ്യപ്പെട്ടുവോ എന്ന കാര്യത്തില്‍ വ്യക്തതവരുകയുള്ളൂ.
ഭട്ടിന്‍ഡയിലെ ഒരു കാര്‍ പ്രൊമോഷന്‍ പരിപാടിയുടെ ഭാഗമാകണം എന്ന ആവശ്യവുമായി അമൃത്പാല്‍ കഞ്ചനെ സമീപിച്ചത്. ഇതേ തുടർന്ന് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കഞ്ചന്‍ പുറപ്പെട്ടത്. ഇതിനുശേഷം കഞ്ചനെക്കുറിച്ച് ആര്‍ക്കും ഒരുവിവരവും ലഭിച്ചിരുന്നില്ല. രണ്ടുദിവസത്തിന് ശേഷമാണ് ഇവരുടെ മൃതദേഹം കണ്ടെത്തുന്നത്.
കൊലപാതകത്തിന് കുറച്ചുദിവസങ്ങള്‍ക്ക് ശേഷം അമൃത്പാല്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. മോശമായ വസ്ത്രധാരണം നടത്തിക്കൊണ്ട് സദാചാരവിരുദ്ധ വീഡിയോകള്‍ പങ്കുവെച്ചിരുന്നത് കൊണ്ടാണ് കഞ്ചനെ കൊലപ്പെടുത്തിയത് എന്നായിരുന്നു വീഡിയോയില്‍ അമൃത്പാല്‍ പറഞ്ഞത്.
ഇത്തരത്തിലുള്ള വീഡിയോകള്‍ ഇടുന്ന എല്ലാ ഇൻഫ്ലുവന്‍സര്‍മാരുടെയും ഗതി ഇതുതന്നെയായിരിക്കും എന്ന ഭീഷണിയും വീഡിയോയില്‍ പറയുന്നത്.അമൃത്പാലിനെ യുഎഇയില്‍ നിന്ന് ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു.