ന്യൂഡൽഹി : സിന്ധു നദീതടത്തിലെ ജലസ്രോതസ്സുകളെ അമിതമായി ആശ്രയിക്കുന്നതിനാൽ, നദിയിലെ ഇന്ത്യയുടെ ചെറിയ ഇടപെടൽ പോലും പാകിസ്ഥാനെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്. ഇക്കോളജിക്കൽ ത്രെറ്റ് റിപ്പോർട്ട് 2025-ലാണ് ഈ നിർണായകമായ കണ്ടെത്തലുള്ളത്. സിഡ്‌നി ആസ്ഥാനമായുള്ള സ്വതന്ത്ര തിങ്ക് ടാങ്കായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസാണ് റിപ്പോർട്ട് തയ്യാറാക്കിയത്.( Indus Waters Treaty, Report says even a small intervention by India could push Pakistan into a serious crisis)
ഈ വർഷം ആദ്യം ഇന്ത്യ സിന്ധു ജല ഉടമ്പടി താൽക്കാലികമായി നിർത്തിവച്ചതിനുശേഷം പാകിസ്ഥാൻ ഗുരുതരമായ ജലപ്രതിസന്ധി നേരിടുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു. സിന്ധുവിന്റെയും അതിന്റെ പോഷകനദികളുടെയും പാകിസ്ഥാനിലേക്കുള്ള ഒഴുക്ക് നിയന്ത്രിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നായിരുന്നു സിന്ധുനദീജല കരാർ മരവിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചത്.
പാകിസ്ഥാനിലെ കാർഷിക മേഖല 80 ശതമാനവും സിന്ധുനദീജലത്തെയാണ് ആശ്രയിക്കുന്നത്. പാകിസ്ഥാനിലെ അണക്കെട്ടുകൾക്ക് നിലവിൽ 30 ദിവസത്തേക്കുള്ള ജലം മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ. അതുകൊണ്ടുതന്നെ, ജലം സംബന്ധിച്ച ഇന്ത്യയുടെ ഏതൊരു നടപടിയും പാകിസ്ഥാനെ ഗുരുതരമായി ബാധിക്കും.
സിന്ധു നദിയുടെ ഒഴുക്ക് ഇന്ത്യ തടയുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്താൽ, പാകിസ്ഥാനിലെ ജനസാന്ദ്രതയുള്ള സമതലങ്ങൾ ശൈത്യകാലത്തും വേനൽക്കാലത്തും കടുത്ത ജലക്ഷാമം നേരിടേണ്ടിവരും.
നദിയുടെ ഒഴുക്ക് പൂർണ്ണമായി തടയാനുള്ള സൗകര്യം നിലവിൽ ഇന്ത്യക്കില്ലെങ്കിലും, ചെറിയ തടസ്സങ്ങൾ പോലും പാകിസ്ഥാന്റെ കാർഷിക മേഖലയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഈ വർഷം മെയ് മാസത്തിൽ ഇന്ത്യ ചെനാബ് നദിയിലെ സലാൽ, ബാഗ്ലിഹാർ അണക്കെട്ടുകളിൽ റിസർവോയർ ഫ്ലഷിംഗ് (ജലസംഭരണികൾ വറ്റിച്ച് ചെളി നീക്കം ചെയ്യൽ) പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഈ പ്രക്രിയ ഉടമ്പടി പ്രകാരം പരിമിതപ്പെടുത്തിയിരുന്നു.
എന്നാൽ, ഇത്തവണ പാകിസ്ഥാനെ അറിയിക്കാതെയാണ് ഇന്ത്യ അണക്കെട്ടുകളിലെ ചെളി നീക്കിയത്. ഈ നടപടി കാരണം പാകിസ്ഥാനിലെ പഞ്ചാബിലെ ചെനാബ് നദിയുടെ ചില ഭാഗങ്ങൾ ദിവസങ്ങളോളം വരണ്ടുപോയിരുന്നു. 1960-ൽ ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഇന്ത്യയും പാകിസ്ഥാനും ഒപ്പുവെച്ചതാണ് സിന്ധു നദീജല കരാർ. സിന്ധു നദിയുടെയും അതിന്റെ ആറ് പ്രധാന പോഷകനദികളുടെയും ജല ഉപയോഗവും വിതരണവുമാണ് ഈ ഉടമ്പടിയുടെ കാതൽ.